വയനാട് : നരഭോജി കടുവയെ പിടികൂടിയതിന്റെ ആശ്വാസത്തിലിരിക്കെ വയനാട് വാകേരിയിൽ വീണ്ടും കടുവയുടെ ആക്രമണം. പുതുതായി വാകേരിയിൽ ഇറങ്ങിയ കടുവ പശുവിനെ ആക്രമിച്ചു കൊന്നു. ഏതാനും ദിവസങ്ങൾക്കു മുൻപാണ് വാകേരിയിൽ നിന്നും കർഷകനെ ആക്രമിച്ചു കൊന്ന നരഭോജി കടുവയെ പിടികൂടിയിരുന്നത്.
വാകേരിയിൽ ഞാറക്കാട്ടിൽ സുരേന്ദ്രൻ എന്ന വ്യക്തിയുടെ വീട്ടിലെ തൊഴുത്തിൽ നിൽക്കുകയായിരുന്ന പശുവിനെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഒരു പശുവും പശുക്കിടാവും ആയിരുന്നു ഈ തൊഴുത്തിൽ ഉണ്ടായിരുന്നത്. എട്ടുമാസം പ്രായമുള്ള ഈ കിടാവിനെയാണ് കടുവ ആക്രമിച്ചു കൊലപ്പെടുത്തി പാതിയോളം ശരീരം ഭക്ഷിച്ച ശേഷം കടന്നുകളഞ്ഞത്.
രാവിലെ നടക്കാൻ ഇറങ്ങിയ സുരേന്ദ്രൻ ആണ് പശു കയർ പൊട്ടിയ നിലയിൽ പറമ്പിൽ നിൽക്കുന്നതായി കണ്ടത്. ഉടൻ തൊഴുത്തിൽ എത്തി പരിശോധിച്ചപ്പോഴാണ് പശുക്കിടാവിന്റെ ശരീരത്തിന്റെ പാതി അവശിഷ്ടങ്ങൾ തൊഴുത്തിൽ കണ്ടെത്തിയത്. സമീപത്തു നിന്നും കണ്ടെത്തിയ കാൽപ്പാടുകളിൽ നിന്നാണ് കടുവയാണ് ആക്രമണം നടത്തിയത് എന്ന് വ്യക്തമായത്. ഇതോടെ ചെറിയ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും ഭീതിയിലാഴ്ന്നിരിക്കുകയാണ് വാകേരിയിലെ ജനങ്ങൾ.








