തൃശൂർ : ചാലക്കുടി എസ്ഐയെ പട്ടിയെപ്പോലെ തല്ലും എന്നും കയ്യും കാലും തല്ലിയൊടിക്കും എന്നും പരസ്യമായി ഭീഷണി പ്രസംഗം നടത്തിയ എസ്എഫ്ഐ നേതാവിനെതിരെ ഒടുവിൽ നിവൃത്തിയില്ലാതെ കേസെടുത്ത് പോലീസ്. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസ്സൻ മുബാറക്കിനെതിരെ ചാലക്കുടി പോലീസ് ആണ് കേസെടുത്തത്. ചാലക്കുടി ഐടിഐ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ ആഹ്ലാദപ്രകടനത്തിനിടയിൽ പോലീസ് ജീപ്പ് തല്ലി തകർത്തുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിന്റെ തുടർച്ചയായി ആയിരുന്നു എസ്എഫ്ഐ നേതാവിന്റെ ഭീഷണി പ്രസംഗം.
ചാലക്കുടി എസ്ഐ അഫ്സലിനെ തെരുവു പട്ടിയെ പോലെ തല്ലുമെന്നാണ് ഹസൻ മുബാറക് പരസ്യമായി ഭീഷണി മുഴക്കിയിരുന്നത്. എസ്ഐയുടെ കൈകാലുകൾ തല്ലിയൊടിച്ച് വിയ്യൂരിലോ കണ്ണൂരിലോ പൂജപ്പുരയിലോ കിടക്കേണ്ടി വന്നാൽ പുല്ലാണെന്നും ഇയാൾ ഭീഷണി പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. ഇത്തരത്തിൽ പരസ്യമായി ഭീഷണി മുഴക്കിയിട്ടും എസ്എഫ്ഐ നേതാവിനെതിരെ കേസെടുക്കാതിരുന്നതിനാൽ പോലീസിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഒടുവിൽ ജനങ്ങളുടെ ഭാഗത്തുനിന്നും വലിയ രീതിയിലുള്ള വിമർശനവും പ്രതിഷേധവും ഉണ്ടായതോടെയാണ് എസ്എഫ്ഐ നേതാവിനെതിരെ കേസെടുക്കാൻ പോലീസ് നിർബന്ധിതരായിരിക്കുന്നത്.
ചാലക്കുടി ഐടിഐ തിരഞ്ഞെടുപ്പിന്റെ തലേദിവസം പോലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. തുടർന്ന് പിറ്റേദിവസം തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ എസ്എഫ്ഐ നടത്തിയ ആഹ്ലാദപ്രകടനത്തിനിടയ്ക്ക് പോലീസുകാർ ഇരിക്കുന്ന ജീപ്പിനു മുകളിൽ എസ്എഫ്ഐ പ്രവർത്തകർ കയറി നിൽക്കുകയും ജീപ്പ് തല്ലി തകർക്കുകയും ചെയ്തു. തുടർന്ന് പോലീസിനെതിരെ നഗരത്തിൽ നടത്തിയ പ്രകടനത്തിനിടയിൽ ആയിരുന്നു ഹസൻ മുബാറക് എസ്ഐക്കെതിരെ ഭീഷണി പ്രസംഗം നടത്തിയത്.
Discussion about this post