കൊച്ചി: ക്രിസ്തുമസ് രാവിൽ കൊച്ചി ജവഹർലാൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുബൈ എഫ് സി യെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ്.
ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ പോരിനിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിര താരങ്ങളായ ഡിമിട്രിയോസ് ഡയമന്റകോസിന്റെയും ക്വാമെ പെപ്രയുടെയും പിൻബലത്തിലാണ് ശക്തരായ മുംബൈ എഫ് സി യെ 2 -0 ത്തിന് പരാജയപ്പെടുത്തിയത്. മത്സരത്തോടു കൂടി 23 പോയിന്റുമായി , പോയിന്റ് ടേബിളിൽ എഫ് സി ഗോവയോടൊപ്പം ഒന്നാം സ്ഥാനത്തെത്തുവാനും കേരളാ ബ്ലാസ്റ്റേഴ്സിനായി
കളി തുടങ്ങി 12 മിനുട്ടുകൾ ആകുമ്പോഴേക്കും മുംബൈ എഫ് സി യുടെ വലകുലുക്കിയ കൊമ്പന്മാർ എതിരാളികൾക്ക് തിരിച്ചു വരവിനുള്ള ഒരു അവസരവും കൊടുത്തില്ല. തുടർന്ന് ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ പെപ്രയുടെ ഗോൾ കൂടെ ആയപ്പോൾ കളി പൂർണ്ണമായും ബ്ലാസ്റ്റേഴ്സിന്റെ വരുതിയിലായി.
ഡിസംബർ 27ന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ അടുത്ത മത്സരം.








