ന്യൂയോർക്ക് : ഇറാഖിൽ ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര സംഘമായ കതൈബ് ഹിസ്ബുള്ളയ്ക്കെതിരെ ആക്രമണം നടത്തി യു എസ്. ഇറാഖിലെ ഈ സംഘത്തിന്റെ മൂന്ന് താവളങ്ങൾക്ക് നേരെ യുഎസ് സൈന്യം തിങ്കളാഴ്ച ആക്രമണം നടത്തിയതായി പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു. വടക്കൻ ഇറാഖിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർക്ക് പരിക്കേറ്റതിനെത്തുടർന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ ആണ് കതൈബ് ഹിസ്ബുള്ളയ്ക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ടത്.
ഇറാഖിലെയും സിറിയയിലെയും യുഎസ് ഉദ്യോഗസ്ഥർക്ക് നേരെ ഇറാൻ സ്പോൺസർ ചെയ്യുന്ന മിലിഷ്യ ഗ്രൂപ്പുകൾ നടത്തുന്ന ആക്രമണങ്ങൾക്കുള്ള മറുപടിയാണ് ഇപ്പോൾ കതാബ് ഹിസ്ബുള്ളയ്ക്ക് നൽകിയിരിക്കുന്നതെന്ന് യുഎസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ ഭീകരസംഘം കഴിഞ്ഞ തിങ്കളാഴ്ച രാവിലെ നടത്തിയ ആക്രമണത്തിൽ യുഎസ് സൈനികരിലൊരാൾക്ക് ഗുരുതരമായി പരിക്കേറ്റതായി ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് അഡ്രിയൻ വാട്‌സൺ നേരത്തെ അറിയിച്ചിരുന്നു.
ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ യുഎസ് സൈനികർക്ക് നേരെ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കുള്ള പ്രതികാര നടപടിയാണ് യുഎസ് ഇപ്പോൾ നടത്തിയിരിക്കുന്ന പ്രത്യാക്രമണം. ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് ശേഷം ഇസ്രായേൽ-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഇറാഖിലും സിറിയയിലും അമേരിക്കൻ സൈനികർക്ക് നേരെ നിരവധി ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര സംഘങ്ങൾ ആണ് യുഎസ് സൈനികർക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നത്.
Discussion about this post