ന്യൂഡൽഹി : പാകിസ്താനുമായി ചർച്ചയിലൂടെ പരിഹാരം കണ്ടില്ലെങ്കിൽ ഇസ്രായേൽ ആക്രമണം നടത്തുന്ന ഗാസയുടെ അവസ്ഥയായിരിക്കും ഇന്ത്യയ്ക്ക് ഉണ്ടാവുക എന്ന് നാഷണൽ കോൺഫറൻസ് എംപി ഫാറൂഖ് അബ്ദുള്ള. പാകിസ്താനുമായി ശത്രുത പുലർത്തിയാൽ ഇസ്രായേൽ സേനയുടെ ബോംബാക്രമണത്തിന് ഇരയാകുന്ന ഗാസയ്ക്കും പലസ്തീനും സംഭവിച്ച അതേ ഗതി ഇന്ത്യയ്ക്കും നേരിടേണ്ടിവരുമെന്നാണ് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി കൂടിയായ ഫാറൂഖ് അബ്ദുള്ള അഭിപ്രായപ്പെട്ടത്.
അയൽക്കാരുമായി സൗഹൃദം പുലർത്തിയാൽ രണ്ടുപേരും പുരോഗമിക്കും എന്നും ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി. “നമുക്ക് നമ്മുടെ സുഹൃത്തുക്കളെ മാറ്റാമെന്നും അയൽക്കാരെ മാറ്റാൻ കഴിയില്ലെന്നും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി പറഞ്ഞിട്ടുണ്ട്. അയൽക്കാരുമായി യുദ്ധമല്ല വേണ്ടത്. ഉഭയകക്ഷി പ്രശ്നങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരം കാണുകയാണ് വേണ്ടത് ” എന്നും ഫാറൂഖ് അബ്ദുള്ള അഭിപ്രായപ്പെട്ടു.
2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇന്ത്യ-പാക് ബന്ധം വഷളായിയെന്ന് ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി. “ഇപ്പോൾ നവാസ് ഷെരീഫ് പാകിസ്താന്റെ പ്രധാനമന്ത്രി ആവാൻ പോവുകയാണ്. നമ്മളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് അവർ പറയുന്നുണ്ട്. എന്നാൽ ഇന്ത്യ യാതൊരു ചർച്ചയ്ക്കും തയ്യാറാകുന്നില്ല. പ്രശ്നങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരം കണ്ടില്ലെങ്കിൽ ഇസ്രായേൽ ബോംബ് ആക്രമണം തകർത്തുകളഞ്ഞ ഗാസയുടെ അവസ്ഥ ഇന്ത്യയ്ക്കും വന്നുചേരും” എന്നും ഫാറൂഖ് അബ്ദുള്ള അഭിപ്രായപ്പെട്ടു.
ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്മീർ ഇപ്പോൾ സാധാരണ നിലയിൽ ആണെന്ന വാദത്തെയും മുൻ മുഖ്യമന്ത്രിയായ ഫാറൂഖ് അബ്ദുള്ള വിമർശിച്ചു. സുരക്ഷാ സേനയുടെ പ്രവർത്തനങ്ങളിലൂടെ ഭീകരതയെ പരാജയപ്പെടുത്താനാവില്ലെന്ന് കേന്ദ്ര സർക്കാർ തിരിച്ചറിയണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Discussion about this post