ആലപ്പുഴ : സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. ഡിവൈഎസ്പി കെ.ഹരികൃഷ്ണനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സഹോദരങ്ങൾ ആരോപിച്ചു. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്നും സഹോദരങ്ങൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ഏപ്രിൽ 29ന് ആയിരുന്നു ഹരികൃഷ്ണന്റെ മൃതദേഹം റെയിൽവേ സ്റ്റേഷന് സമീപം കണ്ടെത്തിയിരുന്നത്.
ഹരികൃഷ്ണന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിൽ ലോക്കൽ പോലീസ് അലംഭാവം കാട്ടിയെന്നാണ് സഹോദരങ്ങളുടെ ആരോപണം. ഇത്രയും നാളും കാത്തിരുന്നിട്ടും പോലീസ് അന്വേഷണത്തിൽ യാതൊരു മുന്നേറ്റവും ഇല്ലാത്തതിനാൽ ആണ് ഇപ്പോൾ പുനരന്വേഷണത്തിന് ആവശ്യം ഉന്നയിക്കുന്നത് എന്നും സഹോദരങ്ങൾ വ്യക്തമാക്കി. പുനരന്വേഷണം ആവശ്യപ്പെട്ട് ഹരികൃഷ്ണന്റെ സഹോദരങ്ങളായ കെ.മുരളീകൃഷ്ണൻ,സൗമിനി ദേവി, ശോഭലത എന്നിവർ മുഖ്യമന്ത്രിക്കും ക്രൈംബ്രാഞ്ച് എസ്പിക്കും പരാതിനല്കി.
ഏപ്രിൽ 29ന് പുലർച്ചെ 5.30 ഓടെയാണ് ചേപ്പാട് രാമപുരം ദേവീ ക്ഷേത്രത്തിനു സമീപത്തെ റയിൽവേ ക്രോസിൽ കെ. ഹരികൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ അദ്ദേഹത്തിന്റെ കാറും കണ്ടെത്തിയിരുന്നു. ഹരികൃഷ്ണൻ ആത്മഹത്യ ചെയ്തതെന്നാണ് ലോക്കൽ പോലീസിന്റെ നിഗമനം.
പോലീസ് സേനയിൽ വിജയകരമായി സേവനം പൂർത്തിയാക്കുകയും നിരവധി വേദികളിൽ മനശാസ്ത്ര ക്ലാസുകൾ എടുക്കുകയും ചെയ്തിട്ടുള്ള തികഞ്ഞ പ്രൊഫഷണലായ ഹരികൃഷ്ണൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് സഹോദരങ്ങൾ വ്യക്തമാക്കുന്നത്. ആത്മഹത്യ ചെയ്യാൻ തക്ക യാതൊരു സമ്മർദ്ദവും അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്നും മരണത്തിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ പോലും ഏറെ സന്തോഷവാനായിരുന്നു ഹരികൃഷ്ണൻ എന്നും അദ്ദേഹത്തിന്റെ സഹോദരങ്ങൾ വ്യക്തമാക്കി.









Discussion about this post