തിരുവനന്തപുരം: തലസ്ഥാനത്ത് 40 കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് നേതാവ് എക്സൈസ് പിടിയിൽ. യൂത്ത് കോൺഗ്രസ് അരുവിക്കര മണ്ഡലം സെക്രട്ടറി പൂവച്ചൽ സ്വദേശി ഷൈജുവാണ് പിടിയിലായത്.
ക്രിസ്മസ് – ന്യൂയർ ആഘോഷങ്ങൾ ലക്ഷ്യം വച്ച് ആന്ധ്ര പ്രദേശിൽ നിന്നാണ് തലസ്ഥാനത്തേക്ക് ഷൈജു കഞ്ചാവ് എത്തിച്ചത്.
ഗോവ രജിസ്ട്രേഷൻ കാറിലാണ് ഷൈജു കഞ്ചാവുമായി പിടിയിലാകുന്നത്. ഈ കാർ ദീർഘനാളത്തേക്ക് വാടകയ്ക്ക് എടുത്തതാണ്. ഇയാൾക്ക് ലഹരി സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി എക്സൈസ് അറിയിച്ചു. ഇടനിലക്കാരെ ഒഴിവാക്കിയാണ് ഷൈജു ആന്ധ്രയിൽ നിന്നും നേരിട്ട് കഞ്ചാവ് കടത്തിയതെന്ന് എക്സൈസ് പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് ഏഴ് മണിയോടെ ബാലരാമപുരത്ത് വച്ചാണ് എക്സൈസ് കാർ തടഞ്ഞ് ഷൈജുവിനെ പിടികൂടുന്നത്. ഷൈജു എത്തിക്കുന്ന കഞ്ചാവ് വിൽപ്പന നടത്താൻ പദ്ധതിയിട്ടവരെക്കുറിച്ചും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.
Discussion about this post