ന്യൂഡൽഹി : സുകന്യ സമൃദ്ധി ഗുണഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി കേന്ദ്ര സർക്കാർ. പുതുവർഷത്തിന് മുമ്പ് സുകന്യ സമൃദ്ധി യോജന, മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപം തുടങ്ങിയ ചില ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു. 2024 ജനുവരി-മാർച്ച് പാദത്തിലെ മൂന്ന് വർഷത്തെ സ്ഥിരനിക്ഷേപങ്ങളുടെയും സുകന്യ സമൃദ്ധി യോജനയുടെയും പലിശയിലാണ് കേന്ദ്ര ധനമന്ത്രാലയം വർദ്ധനവ് വരുത്തിയിട്ടുള്ളത്.
രാജ്യത്തെ പെൺകുട്ടികൾക്കായി കേന്ദ്രസർക്കാർ അവതരിപ്പിച്ചിട്ടുള്ള സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യാ ഗവൺമെന്റിന്റെ ” ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ” കാമ്പെയ്‌നിന് കീഴിൽ 2015-ലായിരുന്നു സുകന്യ സമൃദ്ധി യോജന ആരംഭിച്ചത്.
നേരത്തെ സുകന്യ സമൃദ്ധി യോജനയുടെ പലിശ എട്ട് ശതമാനമായിരുന്നു. നിലവിൽ 0.20 പലിശ നിരക്ക് ആണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ നിലവിൽ സുകന്യ സമൃദ്ധി ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന പലിശ 8.2 ശതമാനമായി മാറി.
10 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികൾക്കാണ് സുകന്യ സമൃദ്ധി യോജനയിൽ ഭാഗമാകാൻ കഴിയുക. 15 വർഷത്തെ സാമ്പത്തിക നിക്ഷേപമാണ് സുകന്യ സമൃദ്ധി യോജനയിൽ നടത്തേണ്ടത്. പ്രതിവർഷം ഒന്നര ലക്ഷം രൂപ വരെയാണ് നിക്ഷേപിക്കാവുന്ന തുകയുടെ പരിധി. 21 വർഷത്തിനുശേഷം ആയിരിക്കും പണം പിൻവലിക്കാൻ കഴിയുക. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം ആദായനികുതിയിൽ നിന്ന് സുകന്യ സമൃദ്ധി യോജന ഗുണഭോക്താക്കൾ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യാ ഗവൺമെന്റിന്റെ പിന്തുണയുള്ള ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഏറ്റവും ഉയർന്ന പലിശനിരക്കാണ് സുകന്യ സമൃദ്ധി യോജന വാഗ്ദാനം ചെയ്യുന്നത്.
Discussion about this post