പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 73 കാരനായ ജോർജ് ഉണ്ണുണ്ണി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
മോഷണശ്രമമാണ് കൊലയിൽ കലാശിച്ചത് എന്നാണ് നിഗമനം. വായിൽ തുണി തിരുകി കൈകാലുകൾ ബന്ധിച്ച നിലയിൽ ആയിരുന്നു മൃതദേഹം. കടയ്ക്കുള്ളിൽ സിസിടിവിയുണ്ട്. എന്നാൽ ഇതിന്റെ ഹാർഡ് ഡിസ്‌ക് കാണാനില്ല. മോഷണ ശ്രമം ചെറുത്തപ്പോൾ അക്രമികൾ ജോർജിന്റെ വായിൽ തുണി തിരുകി കൈകാലുകൾ ബന്ധിക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. ഇവരുടെ മർദ്ദനത്തിലാകാം ജോർജിന് ജീവൻ നഷ്ടമായതെന്നും നിഗമനമുണ്ട്.
മൈലപ്രയിൽ ഏറെക്കാലമായി കച്ചവടം നടത്തുന്ന വ്യക്തിയാണ് ജോർജ്. സ്റ്റേഷനറി സാധനങ്ങളും മറ്റു വീട്ടുസാധനങ്ങളും പഴങ്ങളും ഉൾപ്പെടെയാണ് അദ്ദേഹത്തിന്റെ കടയിൽ വിൽപ്പന നടത്തുന്നത്. വിവരം അറിഞ്ഞ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി പ്രദേശത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയാണ്.
Discussion about this post