തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടച്ചു പൂട്ടൽ ഭീഷണിയിൽ സപ്ലൈകോ. കുടിശ്ശികയുടെ കുറച്ചെങ്കിലും അടിയന്തിരമായി നൽകിയില്ലെങ്കിൽ ഔട്ട്‌ലെറ്റുകൾ പൂട്ടിയിടേണ്ടിവരുമെന്നാണ് സപ്ലൈകോ അധികൃതർ പറയുന്നത്. ഇക്കാര്യം സപ്ലൈകോ സർക്കാരിനെയും അറിയിച്ചിട്ടുണ്ട്. കുടിശ്ശികയിൽ മൂന്നിൽ ഒന്ന് ഭാഗം അടിയന്തിരമായി വേണമെന്നാണ് ആവശ്യം.
നിലവിൽ 1600 കോടിയുടെ കുടിശ്ശികയാണ് സപ്ലൈക്കോയ്ക്ക് ഉള്ളത്. 2016 മുതൽ വിവിധ ഘട്ടങ്ങളിലായി വിപണിയിൽ ഇടപെട്ട വകയിൽ ഉണ്ടായ കുടിശ്ശികയാണ് ഇത്. കുടിശ്ശിക വർദ്ധിച്ച് 800 കോടി കവിഞ്ഞതോടെ സ്ഥിരം കരാറുകൾ കയ്യൊഴിഞ്ഞു. ക്രിസ്മസ് പുതുവത്സര വിപണിയിലടക്കം കടുത്ത പ്രതിസന്ധിയാണ് സപ്ലൈകോ നേരിട്ടത്. ഇതോടെയാണ് കുടിശ്ശികയുടെ ചെറിയ പങ്കെങ്കിലും വേണമെന്ന് ആവശ്യപ്പെട്ട് സപ്ലൈകോ രംഗത്ത് എത്തിയത്.
500 കോടിയെങ്കിലും അടിയന്തിരമായി അനുവദിക്കണം എന്നാണ് അഭ്യർത്ഥന. വകുപ്പ് മന്ത്രിയ്ക്കാണ് ഇത് സംബന്ധിച്ച വിവരം നൽകിയിട്ടുള്ളത്.
അതേസമയം അവശ്യസാധനങ്ങളുടെ വിലവർദ്ധന പഠിച്ച കമ്മിറ്റി റിപ്പോർട്ട് സർക്കാരിൻറെ സജീവ പരിഗണനയിലാണ്.












