ടോക്യോ: ജപ്പാനിലുണ്ടായ തുടർ ഭൂചലനത്തിൽ 12 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ന്യൂയർ ദിനത്തിൽ 155 ഭൂചലനങ്ങളാണ് ജപ്പാനിൽ അനുഭവപ്പെട്ടത്.
രാവിലെ റിക്ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചെറുതും വലുതുമായ തുടർ ചലനങ്ങൾ അനുഭവപ്പെട്ടത്. ആദ്യ ഭൂചലനത്തിന് പിന്നാലെ തന്നെ സുനാമി മുന്നറിയിപ്പ് നൽകുകയും ദുരന്തനിവാരണ പ്രവർത്തനങ്ങൾ തുടരുകയും ചെയ്തിരുന്നു. ഭൂചലനത്തിന് പിന്നാലെ സുനാമി തിരകൾ ഉണ്ടായി. അഞ്ച് അടി ഉയരത്തിലാണ് തിരകൾ ഉയർന്നത്.
ഭൂചലന ബാധിത പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുന്ന നടപടികൾ തുടരുകയാണ്. സുനാമി സാദ്ധ്യത പരിഗണിച്ച് തീരമേഖലകളിൽ നിന്നുള്ളവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നുണ്ട്. പ്രദേശങ്ങളിൽ രക്ഷാ പ്രവർത്തനങ്ങൾക്കായി സൈനികർ വിന്യസിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി തീവണ്ടി സർവ്വീസുകളും, വിമാന സർവ്വീസുകളും റദ്ദാക്കിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം ജാഗ്രത പാലിക്കാനാണ് ജനങ്ങൾക്ക് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.
Discussion about this post