ന്യൂഡൽഹി : ജയിൽ പുള്ളികൾ ജാതി വിവേചനം അനുഭവിക്കുന്നതായി കാണിച്ച് സമർപ്പിക്കപ്പെട്ട ഹർജിയിൽ വിവിധ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. കേരളം അടക്കമുള്ള 7 സംസ്ഥാനങ്ങൾക്കാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ജയിലിൽ തടവുകാർ ജാതി വിവേചനം അനുഭവിക്കുന്നതായി ചൂണ്ടിക്കാട്ടി മാദ്ധ്യമപ്രവർത്തക സുകന്യ ശാന്തയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നത്.
കേരളം, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ജാർഖണ്ഡ്, ഒഡീഷ, പഞ്ചാബ്, മധ്യപ്രദേശ്, ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നോട്ടീസ് നൽകിയിരിക്കുന്നത്. ജയിലുകളിൽ ഇപ്പോഴും ജാതി അടിസ്ഥാനമാക്കി തൊഴിൽ നൽകുന്നുവെന്നും കക്കൂസ് കഴുകുന്നത് പോലെയുള്ള ജോലികൾ ഇപ്പോഴും ദളിതരെ കൊണ്ടാണ് ചെയ്യിക്കുന്നത് എന്നും സുകന്യ ശാന്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ കോടതിയെ സഹായിക്കണമെന്ന് സോളിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
മുതിർന്ന അഭിഭാഷകൻ എസ്. മുരളീധർ, അഭിഭാഷകൻ പ്രസന്ന എസ് എന്നിവരായിരുന്നു ഹർജിക്കാരിയായ സുകന്യ ശാന്തയ്ക്ക് വേണ്ടി ഹാജരായിരുന്നത്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ജാതി വിവേചനം ജയിലുകൾക്കുള്ളിൽ തുടരുകയാണെന്ന് ഹർജിക്കാരിയുടെ അഭിഭാഷകർ വാദിച്ചു. ജയിലിലെ തൊഴിലിനെ ജാതിയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നു. ജയിലുകളിൽ പരിഷ്കാരങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ആധുനിക മാനുവലുകളിൽ തൊഴിലിന് ജാതി അടിസ്ഥാനത്തിൽ വിവേചനം നൽകുന്ന കാര്യത്തിൽ മാറ്റം വന്നിട്ടില്ല എന്നും അഭിഭാഷകർ വ്യക്തമാക്കി.
Discussion about this post