കണ്ണൂര്‍: കളക്ടറേറ്റ് വളപ്പില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ എം. വിജിന്‍ എംഎല്‍എയെ ഒഴിവാക്കി പോലീസ് കേസെടുത്തു . പ്രതിഷേധ മാര്‍ച്ചുമായി കളക്ടറേറ്റ് വളപ്പില്‍ കയറിയ നഴ്‌സുമാര്‍ക്കും ഉദ്ഘാടകനായ എംഎല്‍എയ്ക്കുമെതിരെ കേസെടുക്കുമെന്ന് എസ്‌ഐ ഇന്നലെ വ്യക്തമാക്കിയിരുന്നു.എന്നാല്‍ എംഎല്‍എയെ ഒഴിവാക്കി കെജിഎന്‍എ ഭാരവാഹികളും കണ്ടാല്‍ അറിയാവുന്ന നൂറോളം പേര്‍ക്കുമാത്രമായി പോലീസ് കേസെടുത്തു. എംഎല്‍എയുടെ പേര് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.ഇത് പിണറായി വിജയന്റെ പോലീസാണെന്നും സുരേഷ് ഗോപി സ്‌റ്റൈല്‍ കളിച്ച് കേരള സര്‍ക്കാരിനെ മോശമാക്കരുതെന്നും വിജിന്‍ പോലീസിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ എടുത്ത കേസിലാണ് എംഎല്‍െയുടെ പേര് ബോധപൂര്‍വ്വം ഒഴിവാക്കിയത്.
എം.വിജിന്‍ എംഎല്‍എയും ടൗണ്‍ എസ്‌ഐ ടി.പി ഷമീലും തമ്മില്‍ ഇന്നലെ ഉച്ചയോടെയാണ് വാക്കേറ്റമുണ്ടായത്.കേരള ഗവണ്‍മെന്റ് നഴ്സ് അസോസിയേഷന്‍ കണ്ണൂര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന്റെ ഉദ്ഘാടകനായിരുന്നു എം. വിജിന്‍ എംഎല്‍എ. മാര്‍ച്ച് എത്തുമ്പോള്‍ തടയാന്‍ കളക്ടറേറ്റിന് മുന്നില്‍ പോലീസ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കളക്ടറേറ്റിനുള്ളില്‍ പ്രതിഷേധം നടന്നതോടെ പോലീസ് എത്തി ഇവരോട് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു. കേസെടുക്കുന്നതിന്റെ ഭാഗമായി സമരക്കാര്‍ പുറത്തേക്ക് ഇറങ്ങുന്നതിന് മുമ്പ് എസ്.ഐ വനിതാ പോലീസുദ്യോഗസ്ഥയോട് പേര് വിവരങ്ങള്‍ എഴുതിയെടുക്കാന്‍ പറഞ്ഞു. വനിതാ പോലീസ് ഉദ്യോഗസ്ഥ എംഎല്‍എയോടും പേര് ചോദിച്ചതോടെയാണ് എം.വിജിന്‍ പ്രകോപിതനായത്.
പേര് ചോദിക്കേണ്ടിടത്ത് പേര് ചോദിക്കുമെന്ന് പറഞ്ഞ് സഹപ്രവര്‍ത്തകയെ പിന്തുണച്ചുകൊണ്ട് എസ്ഐ രംഗത്തെത്തിയതോടെയാണ് എംഎല്‍എ കൂടുതല്‍ രോഷാകുലനായത്.ഇരുവരും തമ്മിലുള്ള വാക്കേറ്റ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.പ്രകോപനമുണ്ടാക്കിയത് എസ്‌ഐ ആണെന്നും പോലീസ് സേനക്ക് ചീത്തപ്പേരുണ്ടാക്കുന്നത് ഇതുപോലുള്ള ഉദ്യോഗസ്ഥരാണെന്നും ,സിനിമ സ്‌റ്റൈലില്‍, ഭീഷണി സ്വരത്തില്‍ പെരുമാറിയപ്പോഴാണ് താന്‍ പ്രതികരിച്ചത് എന്ന് എംഎല്‍എ പ്രതികരിച്ചു.പോലീസ് ഉദ്യോഗസ്ഥ തന്റെ പേര് ചോദിച്ചതല്ല പ്രശ്‌നം. മോശമായി പെരുമാറിയതാണെന്നും എം വിജിന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post