ലക്‌നൗ: ബസുകളിൽ യാത്രികർക്കായി രാമ ഭജന വയ്ക്കാൻ നിർദ്ദേശിച്ച് ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ( യുപിഎസ്ആർടിസി). അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായിട്ടാണ് കോർപ്പറേഷന്റെ നിർദ്ദേശം. ജനുവരി 22 വരെ ബസുകളിൽ രാമ ഭജന വയ്ക്കുന്നത് തുടരണമെന്നും നിർദ്ദേശമുണ്ട്.
കഴിഞ്ഞ ദിവസം വിവിധ വകുപ്പു മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ നടപ്പാക്കാൻ വകുപ്പുകൾക്ക് അദ്ദേഹം നിർദ്ദേശം നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് കോർപ്പറേഷന് കീഴിലുള്ള ബസുകളിൽ രാമ ഭജന വയ്ക്കാൻ നിർദ്ദേശം നൽകിയത്. അടുത്ത ദിവസം മുതൽ ഇത് പ്രാവർത്തികമാക്കും.
ശ്രീരാമന്റെ ജീവിതം മുഴുവൻ ആളുകളിലേക്കും എത്തിക്കുക ലക്ഷ്യമിട്ടാണ് ഭജന വയ്ക്കുന്നത്. ശ്രീരാമനെക്കുറിച്ചുള്ള ഭക്തിഗാനങ്ങൾ, രാമമന്ത്രങ്ങൾ എന്നിവയും ബസുകളിൽ വയ്ക്കും. ഇതിന് പുറമേ ബസ് സ്റ്റാൻഡുകളിലും രാമ ഭജന വയ്ക്കാൻ നിർദ്ദേശമുണ്ട്.
ബസുകൾ എല്ലായ്‌പ്പോഴും ശുചിയായി സൂക്ഷിക്കണമെന്നും കോർപ്പറേഷൻ ബസ് ജീവനക്കാർക്ക് നിർദ്ദേശം നൽകി. യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ശ്രദ്ധവേണമെന്നും നിർദ്ദേശമുണ്ട്. പൊതുജനങ്ങൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാൻ ബസ് ജീവനക്കാർക്ക് പ്രത്യേകം പരിശീലന പരിപാടി സംഘടിപ്പിക്കാനാണ് കോർപ്പേറഷന്റെ തീരുമാനം.
Discussion about this post