റായ്പുർ : ഛത്തീസ്ഗഢിലെ കാങ്കറിൽ ബിഎസ്എഫ് സൈനികർ സഞ്ചരിച്ചിരുന്ന മിനി ട്രക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ 17 സൈനികർക്ക് പരിക്കേറ്റു. കാങ്കർ, നാരായൺപൂർ ജില്ലകളുടെ അതിർത്തിയായ കുംഹാരി ഗ്രാമത്തിലാണ് ബിഎസ്എഫ് സൈനികർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം മറിഞ്ഞ് അപകടം ഉണ്ടായത്.
പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്. 162 ബറ്റാലിയൻ ബിഎസ്‌എഫിലെ സൈനികർ ആണ് അപകടം സംഭവിച്ച വാഹനത്തിൽ ഉണ്ടായിരുന്നത്. നാരായൺപൂർ ജില്ലാ അതിർത്തി പോലീസ് സ്റ്റേഷനുകളായ റാവുഘട്ടിനും തഡോക്കിക്കും ഇടയിലാണ് അപകടം നടന്നതെന്ന് നാരായൺപൂർ എസ്പി അറിയിച്ചു.
നാരായൺപൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി റായ്പുരിലേക്ക് കൊണ്ടുപോയി. സർഗിപാൽ ഫുൽപാഡ് ക്യാമ്പിലെ നക്സൽ മേഖലയിൽ നിയോഗിക്കപ്പെട്ടിരുന്ന സൈനികർക്കാണ് അപകടം സംഭവിച്ചത്. സ്വകാര്യ വാഹനത്തിൽ അന്തഗഢിലേക്ക് വരുന്ന വഴി വാഹനത്തിന്റെ സ്റ്റിയറിംഗ് തകരാറിലായതിനെ തുടർന്നാണ് അപകടമുണ്ടായത്.
Discussion about this post