ന്യൂഡൽഹി : ഇസ്രായേൽ പ്രതിരോധ സേന ഗാസയിൽ നിന്നും കണ്ടെത്തിയ ആയുധങ്ങളിൽ ഭൂരിഭാഗവും ചൈനീസ് നിർമ്മിതമാണെന്ന് വ്യക്തമാക്കി ഇസ്രായേൽ. ഒക്ടോബർ ഏഴിന് ഹമാസ് ഗാസയിൽ നടത്തിയ ഭീകരാക്രമണത്തിന് ആയുധങ്ങൾ അടക്കമുള്ള സഹായം നൽകിയതിൽ ചൈനയുടെയും പ്രസിഡന്റ് ജിൻ പിംഗിന്റെയും ഇടപെടൽ ഉണ്ടായിട്ടുള്ളതായി ഇസ്രായേൽ സംശയം ഉന്നയിച്ചു.
ചൈനീസ് നിർമ്മിതമായ ഹൈടെക് സപ്ലൈസ് റൈഫിളുകളുടെയും വെടിയുണ്ടകളുടെയും ശേഖരം, ശ്രവണ ഉപകരണങ്ങൾ, തന്ത്രപരമായ സൈനിക ഉപകരണങ്ങൾ, വാർത്താവിനിമയ ഉപകരണങ്ങൾ എന്നിവ ഗാസയിൽ നിന്നും വലിയ രീതിയിൽ കണ്ടെടുത്തതായി ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി. റൈഫിളുകളും ഗ്രനേഡ് ലോഞ്ചറുകളും ഉൾപ്പെടെയുള്ള ചൈനീസ് ആയുധങ്ങളും ഹമാസ് ഉപയോഗിക്കുന്നതായി ഇസ്രായേൽ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഈ ചൈനീസ് നിർമിത ആയുധങ്ങൾ എങ്ങനെയാണ് ഹമാസിന് ലഭിച്ചത് എന്ന് ചൈന വ്യക്തമാക്കണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയിൽ അടക്കം ചൈന ഗാസയ്ക്ക് അനുകൂലമായ നിലപാടെടുത്തതും സംശയാർഹമാണെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഇപ്പോൾ ഗാസയിൽ നിന്നും കണ്ടെടുത്ത രീതിയിലുള്ള ഉയർന്ന നിലവാരത്തിലുള്ള ആയുധങ്ങളും ആശയവിനിമയ സാങ്കേതികവിദ്യയും അത്യാധുനിക സ്‌ഫോടക വസ്തുക്കളും മുമ്പ് ഒരിക്കലും ഹമാസിന്റെ പക്കൽ ഉണ്ടായിരുന്നില്ല എന്നുള്ളതിനാൽ ഇസ്രായേലിലെ ഭീകരാക്രമണത്തിൽ ചൈനയ്ക്കെതിരായ സംശയങ്ങൾ ബലപ്പെടുകയാണെന്ന് ഇസ്രായേൽ സൂചിപ്പിച്ചു.








