ന്യൂഡൽഹി: ഭീകരവാദത്തിനെതിരെ വീണ്ടും കടുത്ത നീക്കവുമായി എൻഐഎ. ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുടെ സ്വത്തുവകകൾ എൻഫോഴ്സ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായുള്ള നാലോളം വസ്തുവകകളാണ് എൻഐഎ കണ്ടുകെട്ടിയത്. 1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിന്റെ വ്യവസ്ഥകൾ പ്രകാരമാണ് നടപടി.
ഈ സ്വത്തുക്കളെല്ലാം തീവ്രവാദ ഗൂഢാലോചനകൾ നടത്തിയതിൽ നിന്നും ഗുരുതരമായ കുറ്റകൃത്യങ്ങൾ നടപ്പിലാക്കിയതിൽ നിന്നുമുള്ള വരുമാനത്തിൽ നിന്നുള്ള സമ്പാദ്യമാണെന്ന് എൻഐഎ വ്യക്തമാക്കി. വികാസ് സിംഗിന്റെ ഉടമസ്ഥതയിലുള്ള ഉത്തർ പ്രദേശിലെ ലക്നൗവിലുള്ള വസ്തു, ദലിപ് ബിഷ്‌ണോയി എന്ന ദലീപ് ബിഷ്‌ണോയിയുടെ ഉടമസ്ഥതയിലുള്ള പഞ്ചാബിലെ ഫാസിൽക ഗ്രമത്തിലെ രണ്ട് വസ്തുക്കൾ, ഹരിയാനയിലെ യമുനാനഗർ സ്വദേശി ജോഗീന്ദർ സിംഗിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ഫോർച്യൂണർ കാർ എന്നിവയാണ് കണ്ടുകെട്ടിയത്.
എൻഐഎയുടെ കണ്ടെത്തൽ അനുസരിച്ച് പഞ്ചാബ് പോലീസ് ആസ്ഥാനത്ത് ആർപിജി ആക്രമണം നടത്തിയ ഭീകരർക്ക് അഭയം നൽകിയ ലോറൻസ് ബിഷ്‌ണോയിയുടെ കൂട്ടാളിയാണ് വികാസ് സിംഗ്. ലോറൻസ് ബിഷ്ണോയിയുമായി അടുത്ത ബന്ധമുള്ള കാലാ റാണയുടെ പിതാവാണ് ജോഗീന്ദർ സിംഗ്. സംഘത്തിലെ അംഗങ്ങൾ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടുകെട്ടിയ ഫോർച്ച്യൂൺ കാറിൽ കൊണ്ടുപോകാനായി ജോഗീന്ദർ സിംഗാണ് സഹായിച്ചിരുന്നത്. ദലീപ് കുമാറിന്റെ ഉടമസ്ഥതയിലുള്ള വസ്തു ആയുധങ്ങൾ സൂക്ഷിക്കാനും ഭീകരവാദികൾക്ക് താമസിക്കാനുമുള്ള ഒരു കേന്ദ്രമായാണ് ഉപയോഗിച്ചിരുന്നതെന്നും എൻഐഎ വ്യക്തമാക്കി.
ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെയും കൂട്ടാളികളുടെയും സംഘടിത ക്രൈം സിൻഡിക്കേറ്റിനെതിരെ യുഎ(പി)എ പ്രകാരം 2022 ഓഗസ്റ്റിൽ എൻഐഎ കേസെടുത്തിരുന്നു. പല സംസ്ഥാനങ്ങളിലും ലോറൻസ് ബിഷ്‌ണോയി സംഘം മാഫിയ മാതൃകയിലുള്ള ക്രിമിനൽ ശൃംഖല വ്യാപിപ്പിച്ചതായി ഏജൻസിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post