യാത്ര ചെയ്യാൻ ഇഷ്ടമുണ്ടായിട്ടും പലർക്കും തടസ്സമാകുന്ന ഒന്നാണ് യാത്രയ്ക്കിടയിൽ ഉണ്ടാകുന്ന ഛർദി. കൂടെ യാത്ര ചെയ്യുന്നവർക്ക് പോലും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമായതിനാൽ യാത്രയ്ക്കിടയിലെ ഛർദി ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. യാത്രകളിൽ വില്ലനാകുന്ന ഈ പ്രശ്നം പരിഹരിക്കാനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
യാത്രയ്ക്കിടയിൽ ഛർദിയ്ക്കാൻ സാധ്യതയുള്ളവർ വണ്ടിയിൽ അധികം കുലുക്കമില്ലാത്ത ഭാഗത്തായി ഇരിക്കേണ്ടതാണെന്ന് പ്രത്യേകം ഓർമിക്കണം. കാറിൽ ആണെങ്കിൽ മുൻ സീറ്റിൽ ഇരിക്കാം. ബസ്സിൽ ആണെങ്കിൽ മധ്യഭാഗത്തുള്ള സീറ്റിൽ ഇരിക്കുന്നതായിരിക്കും നല്ലത്. അതുപോലെതന്നെ സഞ്ചരിക്കുന്നത് ഏത് ദിശയിലാണോ ആ ദിശയ്ക്ക് പിന്നോട്ട് തിരിഞ്ഞിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. ട്രെയിൻ യാത്രയിലാണ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്.
യാത്ര ചെയ്യുമ്പോൾ ഛർദി ഉണ്ടാകാറുള്ളവർ പരമാവധി വാഹനത്തിന്റെ ജനലുകൾ തുറന്നു വെച്ച് ശുദ്ധവായു ശ്വസിക്കേണ്ടതാണ്. ഛർദി സാധ്യതയുള്ളവർ യാത്രയ്ക്കിടയിൽ വായിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഛർദിക്കാൻ തോന്നൽ ഉണ്ടാകുമ്പോൾ ഏതെങ്കിലും ഒരു ബിന്ദുവിൽ മാത്രം നോട്ടം ഉറപ്പിച്ച് ഇരിക്കുന്നത് സഹായകരമാകും.
യാത്രയ്ക്കിടയിൽ ഛർദിയ്ക്കാൻ സാധ്യതയുള്ളവർ ഒരിക്കലും യാത്രയ്ക്ക് മുൻപ് ഭക്ഷണം കഴിക്കരുത്. യാത്ര അല്പം പിന്നിട്ടതിനുശേഷം ഭക്ഷണം കഴിക്കുന്നത് ആയിരിക്കും ഇത്തരക്കാർക്ക് ഉത്തമം. ഇനി ഭക്ഷണം കഴിക്കുമ്പോഴും മനസ്സിന് പിടിക്കാത്ത ഭക്ഷണമോ പാനീയമോ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഛർദി ഒഴിവാക്കാൻ മരുന്ന് കഴിക്കുന്നവർ ആണെങ്കിൽ യാത്ര തുടങ്ങുന്നതിന് അരമണിക്കൂർ മുൻപ് തന്നെ ഈ മരുന്ന് കഴിക്കേണ്ടതാണ്. ഇഞ്ചിനീര് ഇഞ്ചിമിഠായി എന്നിവ പോലെയുള്ളവ നുണയുന്നതും യാത്രയിലെ ഛർദി ഒഴിവാക്കാൻ സഹായിക്കാറുണ്ട്.












