കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കടബാദ്ധ്യതയെ തുടർന്ന് നടുവിൽ പാത്തൻപാറ സ്വദേശി ജോസ് (63) ആണ് മരിച്ചത്. വാഴകൃഷി നഷ്ടത്തിലായതിന് പിന്നാലെയാണ് ആത്മഹത്യ.
രാവിലെയായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടു വളപ്പിൽ മുണ്ടിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
വർഷങ്ങളായി വാഴ കൃഷി ചെയ്താണ് ജോസ് ഉപജീവനം കണ്ടെത്തുന്നത്. കൃഷിയ്ക്കായി സ്വാശ്രയ സംഘങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ജോസ് കടം വാങ്ങിയിരുന്നു. കൃഷി വിളവെടുത്ത ശേഷം തിരിച്ചു നൽകാമെന്ന വിശ്വാസത്തിലായിരുന്നു വൻതുക കൈപ്പറ്റിയത്. എന്നാൽ കൃഷിയ്ക്ക് നഷ്ടം വന്നു.
പത്ത് സെന്റ് സ്ഥലമാണ് ജോസിനുള്ളത്. ഇതിന് പുറമേ പാട്ടത്തിന് സ്ഥലം എടുത്തും കൃഷി ചെയ്യുന്നുണ്ട്. കൃഷിയ്ക്കായി സ്വാശ്രയ സംഘത്തിലും 2 ലക്ഷം രൂപയായിരുന്നു വായ്പ എടുത്തിരുന്നത്. വിളവെടുപ്പിന് പിന്നാലെ പണം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്വാശ്രയ സംഘത്തിൽ നിന്നും ജോസിനെ വിളിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ആത്മഹത്യയെന്നാണ് ബന്ധുക്കൾ പറയുന്നത്.
ജോസിന് മൂന്ന് മക്കളാണുള്ളത്. മകളുടെ വിവാഹം കഴിഞ്ഞു. രണ്ടാൺമക്കൾ കൂലിപ്പണിക്കാരാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.












