പ്രമേഹം ശരിയായ രീതിയിൽ നിയന്ത്രിച്ചില്ലെങ്കിൽ അത് ശരീരത്തിൽ മറ്റു പല പ്രശ്നങ്ങളുമായി മാറാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. ശരിയായ രീതിയിൽ ശാസ്ത്രീയ ചികിത്സകളിലൂടെ പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ ഹൃദ്രോഗം, നേത്രരോഗം, വൃക്കരോഗം, ഞരമ്പുകളുമായി ബന്ധപ്പെട്ട രോഗങ്ങൾ എന്നിവയെല്ലാം പിടികൂടാൻ സാധ്യത ഏറെയാണ്.
പ്രമേഹം ഞരമ്പുകളെ ബാധിക്കുന്ന പെരിഫ്രൽ ന്യൂറോപ്പതി എന്ന പ്രശ്നം ഇന്ന് പലരെയും അലട്ടുന്ന ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഈ രോഗം കാൽപാദത്തെ ആണ് സാധാരണയായി ബാധിക്കാറുള്ളത്. കാൽവിരലുകളുടെ അഗ്രഭാഗത്ത് മരവിപ്പ്, പുകച്ചിൽ സൂചി കുത്തി തറക്കുന്നതുപോലെയുള്ള വേദന എന്നിങ്ങനെയെല്ലാം അനുഭവപ്പെടാം. പിന്നീട് ഈ പ്രശ്നം ശരീരത്തിന്റെ മറ്റു പല ഭാഗങ്ങളിലേക്കും വ്യാപിക്കുന്നതാണ്. കാൽമുട്ടുകൾ, കൈപ്പത്തി, കൈവിരലുകൾ എന്നിവക്കെല്ലാം ഇത്തരത്തിൽ മരവിപ്പും വേദനയും ഉണ്ടാവുകയും സ്പർശനശേഷി ഇല്ലാതാവുകയും സംഭവിക്കാം.
ശരിയായ ചികിത്സ നൽകിയില്ലെങ്കിൽ ചൂടും തണുപ്പും പോലും അറിയാൻ കഴിയാത്ത രീതിയിൽ സ്പർശന ശക്തി നഷ്ടപ്പെടാൻ ഈ അവസ്ഥ കാരണമാകുന്നതാണ്. ആരംഭത്തിൽ തന്നെ മികച്ച ശ്രദ്ധ നൽകുന്നത് ഇത്തരം ഒരു അവസ്ഥയിലേക്ക് മാറാതിരിക്കാൻ സഹായകരമാകും. അതിനായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആഹാരക്രമീകരണം വ്യായാമം എന്നിവയിലൂടെ ഇത് സാധ്യമാകുന്നതാണ്.
സ്പർശനശേഷിക്ക് പ്രശ്നമുണ്ടാകുന്നവർ അമിതവണ്ണം ഉണ്ടാകാതെ ഇരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അമിതവണ്ണം പലപ്പോഴും വെരിക്കോസ് വെയിൻസിനും തുടർന്ന് ഞരമ്പു സംബന്ധമായ രോഗങ്ങൾക്കും കാരണമാകും. ഇത്തരത്തിൽ സ്പർശനശേഷി പ്രശ്നം ഉള്ളവർ വീടിനകത്തും പുറത്തും ചെരുപ്പിടാതെ നടക്കരുത്. കാൽപാദങ്ങൾ ദിവസവും ചെറു ചൂടുവെള്ളത്തിൽ സോപ്പിട്ട് കഴുകി ശുചിയായി സൂക്ഷിക്കേണ്ടതാണ്. അമിതമായ ചൂടോ തണുപ്പോ ഏൽക്കാതെ ഇരിക്കാനും ശ്രദ്ധിച്ചാൽ സ്പർശനശേഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയുന്നതാണ്.
Discussion about this post