മലപ്പുറം: പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനം. പെരുമ്പടപ്പിലെ പിഎൻഎം ഫ്യൂവൽസിലെ ജീവനക്കാരനായ അസ്ലമിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. പ്രതികളെ പിന്നീട് പോലീസ് കസ്റ്റഡിയിൽ എടുത്തു. പുലർച്ചെ പെട്രോൾ പമ്പിൽ എത്തിയ ഇവർ യാതൊരു പ്രകോപനവും കൂടാതെ മർദ്ദിക്കുകയായിരുന്നു. കരച്ചിൽ കേട്ട് എത്തിയ മറ്റൊരു ജീവനക്കാരനാണ് അസ്ലമിനെ അക്രമികളിൽ നിന്നും രക്ഷിച്ചത്.
വിവരം അറിഞ്ഞെത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. അസ്ലമിനെ പ്രതികൾ ആക്രമിക്കാനുള്ള കാരണം വ്യക്തമല്ല. ഇതേക്കുറിച്ച് പ്രതികളിൽ നിന്നും പോലീസ് വിശദാംശങ്ങൾ തേടുകയാണ്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് സൂചന. പ്രതികളിൽ ഒരാളുമായി അസ്ലമിന് പരിചയം ഉള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. മർദ്ദനത്തിൽ അസ്ലമിന് പരിക്കുണ്ട്. യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.












