ന്യൂഡൽഹി: തുടർച്ചയായ നാലാം തവണയും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി സ്ഥാനം അലങ്കരിക്കുന്ന ഷെയ്ഖ് ഹസീനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലാദേശുമായുള്ള ബന്ധം ശക്തമാക്കാൻ ഇന്ത്യ എല്ലായ്‌പ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഷെയ്ഖ് ഹസീനയെ ഫോണിൽ ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി സംസാരിക്കുകയും, അഭിനന്ദനങ്ങൾ നേരുകയും ചെയ്തതായി പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. പാർലമെന്ററി തിരഞ്ഞെടുപ്പിൽ ഷെയ്ഖ് ഹസീന നേടിയത് ചരിത്ര വിജയമാണ്. തിരഞ്ഞെടുപ്പ് സുഗമമായി പൂർത്തിയാക്കാൻ സഹകരിച്ച ബംഗ്ലാദേശിലെ ജനങ്ങളോടും ഈ അവസരത്തിൽ നന്ദി പറയുന്നു. ബംഗ്ലാദേശുമായുള്ള ബന്ധം ദൃഢമാക്കാൻ ഇന്ത്യ എല്ലായ്‌പ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഞായറാഴ്ചയായിരുന്നു ബംഗ്ലാദേശിൽ പാർലമെന്ററി തിരഞ്ഞെടുപ്പ്. 300 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടി 220ലധികം സീറ്റുകൾ സ്വന്തമാക്കി. രണ്ടര ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആയിരുന്നു ഷെയ്ഖ് ഹസീന വിജയിച്ചത്.









