ഇടുക്കി : ഒരു ഇടവേളയ്ക്കുശേഷം ചിന്നക്കനാലിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. പന്നിയാർ എസ്റ്റേറ്റിൽ കൂട്ടം കൂടി നിന്നിരുന്ന ആനകളിൽ ഒന്നാണ് ആക്രമണം നടത്തിയത്. ജോലിക്ക് പോവുകയായിരുന്നു തോട്ടം തൊഴിലാളികൾക്ക് നേരെ കാട്ടാന നടത്തിയ ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ ഒരു സ്ത്രീ മരണപ്പെട്ടു.
പന്നിയാർ സ്വദേശിയായ പരിമളം എന്ന തൊഴിലാളിയാണ് മരണപ്പെട്ടത്. പരിമളം അടക്കമുള്ള തോട്ടം തൊഴിലാളികൾ രാവിലെ ജോലിക്ക് പോകാനായി ഇറങ്ങിയ സമയത്ത് ആയിരുന്നു കാട്ടാനകൾ ഇവർക്ക് നേരെ പാഞ്ഞടുത്തത്. മറ്റ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടെങ്കിലും പരിമളം ആനയുടെ മുൻപിൽ പെട്ടു പോവുകയായിരുന്നു.
ആറോളം കാട്ടാനകൾ അടങ്ങിയ സംഘം ആയിരുന്നു പന്നിയാർ എസ്റ്റേറ്റിൽ കൂട്ടംകൂടി നിന്നിരുന്നത്. ഈ ആനകളെ വിരട്ടിയോടിച്ച ശേഷമാണ് പരിക്കേറ്റു കിടന്നിരുന്ന പരിമളത്തെ രാജകുമാരിയിലെ ആശുപത്രിയിലേക്ക് എത്തിക്കാൻ ആയത്. ഇവിടെനിന്നും വിദഗ്ധചികിത്സയ്ക്കായി തേനിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Discussion about this post