ന്യൂഡൽഹി : കൂടത്തായി കൊലപാതക കേസിൽ കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യപ്രതി ജോളി സുപ്രീംകോടതിയിൽ ഹർജി നൽകി. ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മൂന്നാഴ്ചത്തേക്ക് മാറ്റിവെച്ചു. കേസിൽ തെളിവുകൾ ഇല്ലാത്തതിനാൽ കുറ്റവിമുക്തയാക്കണമെന്നാണ് ജോളി ആവശ്യപ്പെടുന്നത്.
ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് ജോളി നൽകിയ ഹർജി പരിഗണിച്ചത്. അഡ്വ. സച്ചിൻ പവഹയാണ് ജോളിക്ക് വേണ്ടി കേസിൽ ഹാജരായത്. കേസിൽ തെളിവില്ലെന്നും വിചാരണ നിർത്തിവെച്ച് തന്നെ കുറ്റവിമുക്ത ആക്കണമെന്നുമാണ് ജോളി ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഭർത്താവ് അടക്കം ഭർതൃകുടുംബമായ പൊന്നാമറ്റം കുടുംബത്തിലെആറ് പേരെ കൊലപ്പെടത്തിയെന്ന കേസിലെ മുഖ്യപ്രതിയാണ് ജോളി. 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ആയിരുന്നു ജോളി ഈ കൊലപാതകങ്ങൾ എല്ലാം നടത്തിയത്. എന്നാൽ 2019 ലാണ് ഈ വിവരങ്ങൾ പുറംലോകം അറിയുന്നത്. ജോളിയുടെ ഭർത്താവ് റോയ് തോമസ്, മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരൻ എം.എം മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസ്സുള്ള മകൾ ആൽഫൈൻ, ഷാജുവിന്റെ ഭാര്യ ഫിലി എന്നിങ്ങനെ ആറ് പേരെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ജോളി വിചാരണ ചെയ്യപ്പെടുന്നത്.
Discussion about this post