ന്യൂഡൽഹി : 2024ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് വമ്പൻ പ്രചാരണ പരിപാടികൾക്കാണ് ബിജെപി പദ്ധതിയിടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യ ആകർഷണം. തിരഞ്ഞെടുപ്പിനു മുന്നോടിയായി ഫെബ്രുവരിയോടെ രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ സംസ്ഥാനങ്ങളിലും മോദി കുറഞ്ഞത് ഒരുതവണയെങ്കിലും സന്ദർശനം നടത്തുമെന്നാണ് ബിജെപിയോട് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.
നിലവിൽ നരേന്ദ്രമോദി ദക്ഷിണേന്ത്യൻ പര്യടനം പൂർത്തിയാക്കിക്കഴിഞ്ഞു. ജനുവരി 13 ന് ബീഹാറിലെ സർക്കാർ പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങുകളിലും ഏതാനും പൊതുയോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും. ‘വൈബ്രന്റ് ഗുജറാത്ത്’ പ്രമാണിച്ച് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് മോദി സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ ആയിരിക്കും. ഗുജറാത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പ്രധാനമന്ത്രി വീക്ഷിത് ഭാരത് സങ്കൽപ് യാത്രയുടെ ഗുണഭോക്താക്കളുമായി വീഡിയോയിലൂടെ സംവദിച്ചു.
ജനുവരി 12 ന് പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്രയിലേക്ക് യാത്രതിരിക്കുന്നതാണ്. നവി മുംബൈയിൽ ‘മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അന്ന് തന്നെ നാസിക്കിൽ നടക്കുന്ന ദേശീയ യുവജനോത്സവവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രധാനമന്ത്രിയുടെ റോഡ് ഷോയും ഉണ്ടാകുന്നതാണ്. ഇത്തരത്തിൽ ഫെബ്രുവരി അഞ്ചിനു മുൻപായി തന്നെ എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുതവണയെങ്കിലും സന്ദർശനം നടത്തുമെന്നാണ് കരുതപ്പെടുന്നത്.
Discussion about this post