ന്യൂഡൽഹി; ഏതെങ്കിലും മതത്തിന്റെയോ മതവിഭാഗത്തിന്റെയോ സ്ഥാപനമായി അലിഗഢ് മുസ്ലീം സർവ്വകലാശാലയെ കണക്കാക്കാൻ ആകില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. ബനാറസ് ഹിന്ദു സർവ്വകലാശാലയെ പോലെ ഭരണഘടനാപരമായി രൂപീകൃതമായ ദേശീയ പ്രാധാന്യവും സ്വഭാവും ഉള്ള സ്ഥാപനമാണ് അലിഗഢ് മുസ്ലിം സർവ്വകലാശാലയെന്നും കേന്ദ്രം വ്യക്തമാക്കി. സംവരണം ഉൾപ്പടെ നിഷേധിക്കാനാണ് സർവ്വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി അവകാശപ്പെടുന്നതെന്നും കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ വ്യക്തമാക്കി.
അലിഗഢ് മുസ്ലിം സർവ്വകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച ഹർജികൾ പരിഗണിക്കുന്ന സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെയാണ് സോളിസിസ്റ്റർ ജനറൽ തുഷാർ മേത്ത വാദം എഴുതിനൽകിയത്.
1967ൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അലിഗഢ് മുസ്ലീം സർവ്വകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയിരുന്നു. എസ്. അസീസ് ബാഷ കേസിൽ ഭരണഘടനാ ബെഞ്ച് പുറപ്പടുവിച്ച ഈ വിധി ശരിയാണോ എന്ന സംശയം 1981-ൽ അഞ്ചുമാൻ ഇ. റഹ്‌മാനിയ കേസിൽ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് പ്രകടിപ്പിച്ചിരുന്നു. തുടർന്ന് അസീസ് ബാഷ കേസിലെ വിധി പുനഃപരിശോധനയ്ക്കായി ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് 1981 നവംബർ 26- ന് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വിട്ടു. 43 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ വിഷയം സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വരുന്നത്.
വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ അലിഗഢ് മുസ്ലിം സർവ്വകലാശാല പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകളിൽ മുസ്ലിം വിദ്യാർത്ഥികൾക്ക് സംവരണം ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കി. ഈ ഉത്തരവ് 2006-ൽ അലഹബാദ് ഹൈക്കോടതി റദ്ദാക്കി. അലിഗഢ് മുസ്ലിം സർവ്വകലാശാല ഒരുകാലത്തും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം അല്ലെന്നും മുസ്ലിം വിദ്യാർത്ഥികൾക്ക് സംവരണം ഏർപ്പെടുത്തിയത് ഭരണഘടനാ വിരുദ്ധമാണെന്നും അലഹബാദ് ഹൈക്കോടതി വിധിച്ചിരുന്നു. 1981-ലെ അലിഗഢ് മുസ്ലീം സർവ്വകലാശാല ഭേദഗതി നിയമത്തിലെ മൂന്ന് സുപ്രധാന വകുപ്പുകളും അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
മുഹമ്മദൻ ആംഗ്ലോ-ഓറിയന്റൽ കോളേജ് പിൽകാലത്ത് അലിഗഢ് മുസ്ലിം സർവ്വകലാശാലയായി മാറിയതിന്റെ ചരിത്രം, സർവ്വകലാശാല കെട്ടിടത്തിന്റെ രൂപകൽപ്പന, സർവ്വകലാശാലയുടെ പ്രമാണ വാക്യത്തിൽ ഉൾപ്പെടുന്ന ഖുർആൻ വചനങ്ങൾ തുടങ്ങിയവയൊക്കെയാണ് സർവ്വകലാശാലയുടെ മുസ്ലീം ബന്ധം തെളിയിക്കുന്നതായി ഉയർത്തിക്കാണിക്കുന്നത്.
Discussion about this post