ഇടുക്കി: തൊടുപുഴയിലെ അദ്ധ്യാപകൻ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് പിടിയിലായത് കണ്ണൂരിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം താമസിക്കുന്നതിനിടെ. മറ്റൊരു പേരിൽ മരപ്പണിക്കാരനായി ആണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന സവാദ് ഒളിവിൽ കഴിഞ്ഞിരുന്നത്. നാട്ടുകാരുമായി കാര്യമായി ബന്ധമൊന്നും പുലർത്തിയിരുന്നില്ലെന്നും സ്ഥിരമായി ഒരു സ്ഥലത്തായിരുന്നില്ല പണിയെടുത്തിരുന്നതെന്നും നാട്ടുകാർ പറയുന്നു. അതിനാൽ പതിമൂന്ന് വർഷം മുൻപ് ഇയാളുടെ ഫോട്ടോ കണ്ടതാണ്. അതിനാൽ തന്നെ ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. കരാർ കാലാവധി കഴിഞ്ഞതു കൊണ്ട് പുതിയ വീട്ടിലേക്ക് മാറാൻ നോക്കുകയായിരുന്നെന്നും നാട്ടുകാർ പറയുന്നു.
കണ്ണൂർ മട്ടന്നൂരിലെ ബേരം എന്ന സ്ഥലത്താണ് സവാദ് താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് എൻഐഎ ഇയാളെ പടികൂടുന്നത്. എൻഐഎക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ നടന്ന റെയ്ഡിലാണ് പ്രതി പിടിയിലാകുന്നത്. കേസിലെ മുഖ്യ പ്രതിയാണ് സവാദ്. അദ്ധ്യാപകന്റെ കൈ വെട്ടിയത് സവാദ് ആണ്.
സവാദിനായി പാക്കിസ്താൻ, ദുബായ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങളിൽ ഉൾപ്പെടെ തിരച്ചിൽ നടത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന സവാദ് 2010 ജൂലൈ നാലിനായിരുന്നു തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായിരുന്ന ടി.ജെ ജോസഫിന്റെ കൈ വെട്ടിയത്. പ്രവാചക നിന്ദ ആരോപിച്ചായിരുന്നു ആക്രമണം. കേസിൽ ആറ് പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.








