തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നാളെ വൈകുന്നേരം സംസ്ഥാനമൊട്ടാകെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കും എന്നാണ് കെ സുധാകരൻ അറിയിച്ചത്.
കേരളത്തിന്റെ യുവശബ്ദങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ അടിച്ചൊതുക്കുകയാണെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളിൽ നിന്നും മുഖം രക്ഷിക്കാനായി പിണറായി വിജയൻ നടത്തുന്ന ശ്രമങ്ങളാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ചോദ്യം ചെയ്യുന്നവരെ ജയിലിലടച്ച് നിശബ്ദമാക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളെയും സാമ്പത്തിക പ്രതിസന്ധി വരിഞ്ഞു മുറുക്കുകയാണ്. ക്ഷേമപെൻഷനുകളും മറ്റു പെൻഷനുകളും നൽകാൻ സർക്കാരിന് കഴിയുന്നില്ല. സപ്ലൈകോ സാധനങ്ങളില്ലാതെ കാലിയായി കിടക്കുകയാണ്. ആശുപത്രികളിൽ മരുന്ന് പോലും ഇല്ല. ഇതിനെ ചോദ്യം ചെയ്യുന്നവരെ സർക്കാർ ജയിലിൽ അടയ്ക്കുന്നു. എത്ര പേരെ ജയിലിൽ അടച്ചാലും കോൺഗ്രസ് ചോദ്യം ചെയ്യുക തന്നെ ചെയ്യും” എന്നും ടി.യു. രാധാകൃഷ്ണൻ വ്യക്തമാക്കി.
Discussion about this post