പ്രായമെത്ര ആയാലും മിഠായി എന്നത് എല്ലാവരുടെയും ഒരു വീക്‌സനെസാണ്. പലവർണത്തിൽ ലഭ്യമാകുന്ന മിഠായി നുണഞ്ഞിറക്കി പോയിരുന്ന ഒരു ബാല്യം നമുക്കുണ്ടായിരിക്കും. എന്നാൽ ഇന്ന് മിഠായി പോലും വിശ്വസിച്ച് കുട്ടികൾക്ക് വാങ്ങിനൽകാൻ കഴിയാത്ത അവസ്ഥയിലെത്തി കാര്യങ്ങൾ.
തുണിക്ക് നിറം കൊടുക്കുന്ന റോഡമിൻ ബി ഉപയോഗിച്ച് ഉണ്ടാക്കിയ മിഠായി മലപ്പുറത്ത് നിന്ന് പിടികൂടിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മലപ്പുറം തിരൂരിൽ ബിപി അങ്ങാടി നേർച്ച ആഘോഷ സ്ഥലത്താണ് ഈ ചോക്ക് മിഠായികൾ വിൽപ്പനയ്ക്ക് വച്ചിരുന്നത്. സംഭവത്തിന് പിന്നാലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ചോക്ക് മിഠായി നിർമാണ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തുകയുണ്ടായി. മലപ്പുറം ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ, തിരൂർ ഭക്ഷ്യസുരക്ഷാ ഓഫീസർ, പൊന്നാനി ഭക്ഷ്യസുരക്ഷാ ഓഫീസർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
ഈ സ്ഥാപനങ്ങൾക്ക് ഒരു ലക്ഷത്തോളം രൂപ പിഴ ചുമത്തി. മിഠായിയുടെ സാമ്പിൾ കോഴിക്കോട് റീജണൽ അനലറ്റിക്കൽ ലാബിൽ പരിശോധനയ്ക്കയച്ചു. എന്നാൽ, ഈ നിറം ഉപയോഗിക്കരുതെന്ന് ഇതുവരെ ആരും മുന്നറിയിപ്പ് നൽകിയിട്ടില്ലെന്നാണ് മിഠായി നിർമാതാക്കളുടെ വാദം.
അതേസമയം, വായിലിട്ടാൽ വെളുത്ത നിറത്തിലുള്ള പുക വരുന്ന ലിക്വിഡ് നൈട്രജൻ അടങ്ങിയ ഭക്ഷ്യവസ്തുക്കളും നേർച്ച നടക്കുന്ന സ്ഥലത്ത് നിന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി. തൃശൂർ സ്വദേശികളാണ് പുകവരുന്ന ബിസ്‌കറ്റ് വിൽപ്പന നടത്തിയിരുന്നത്. ഇത്തരം വസ്തുക്കൾ കഴിച്ചാൽ ആന്തരികാവയവങ്ങൾ പൊള്ളിപ്പോകാൻ സാദ്ധ്യതയുണ്ട്. സ്റ്റീൽ പാത്രത്തിൽ ശീതീകരിച്ച് സൂക്ഷിച്ച ലിക്വിഡ് നൈട്രജൻ പ്രത്യേക പൈപ്പ് ഉപയോഗിച്ച് വേഫർ ബിസ്‌കറ്റിലാക്കുന്നതോടെയാണ് ഇതിൽ നിന്ന് പുക ഉയരുന്നത്.
Discussion about this post