ഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജസ്റ്റിസ് ജെ.എസ് കെഹാര്‍ പിന്മാറി. ഇതേത്തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് മറ്റൊരു ബെഞ്ചിന് കൈമാറി.
വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. പദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്‍കിയത് റദ്ദാക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം വലിയതുറ സ്വദേശിയും സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് നേതാവുമായ ആന്റോ ഏലിയാസാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസ് 13ന് വീണ്ടും പരിഗണിക്കും.
കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നും അതിനാലാണ് പിന്മാറുന്നതെന്നും കേഹര് വ്യക്തമാക്കി. പദ്ധതിക്ക് അനുമതി ലഭിച്ചതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉപകരാറുകള്‍ നല്‍കിയിട്ടുണ്ടെന്ന് തുറമുഖ കന്പനിക്കു വേണ്ടി ഹാജരായ അഭിഭാഷകന് ഇന്നും കോടതിയെ അറിയിച്ചു. പദ്ധതി നിറുത്തി വയ്ക്കുകയാണെങ്കില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാവുമെന്നും കമ്പനി വാദിച്ചു.
എന്നാല്‍, വിഴിഞ്ഞം പദ്ധതി പ്രദേശം താന്‍ സന്ദര്‍ശിച്ചതാണെന്ന് ഹര്ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് പറഞ്ഞു. പദ്ധതിക്ക് അനുമതി നല്‍കിയത് റദ്ദാക്കിയാല്‍ നിര്‍മാണ പ്രവര്‍ത്തനം നടന്ന സ്ഥലത്തെ പരിസ്ഥിതി പൂര്‍വ സ്ഥിതിയിലാക്കാന്‍ കഴിയില്ലെന്ന് മനസിലായെന്നും ഭൂഷണ് ചൂണ്ടിക്കാട്ടി.
Discussion about this post