ന്യൂഡൽഹി: രാജ്യത്ത് നിന്നും ഭീകരവാദത്തെ വേരോടെ പിഴുതെറിയാൻ നീക്കവുമായി എൻഐഎ. ഡൽഹി ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ 32 സ്ഥലങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും എൻഐഎ പരിശോധന നടത്തി. ഇന്ന് പുലർച്ചെയാണ് പരിശോധന ആരംഭിച്ചത്. നാല് സംസ്ഥാനങ്ങളിലേയും പോലീസുമായി സഹകരിച്ചായിരുന്നു പരിശോധന.
ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയി സംഘം, നിരോധിത ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണൽ, മറ്റ് മൂന്ന് ഭീകരവാദ കേസുകളുമായി ബന്ധപ്പെട്ട കേസുകളിലാണ് എൻഐഎ റെയ്ഡ്. നിരവധി നിരോധിത രേഖകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, 4.60 ലക്ഷം രൂപ, ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്നിവ പരിശോധനയിൽ കണ്ടെത്തി. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഡൽഹി, ചത്തീസ്ഗഢ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.
കഴിഞ്ഞ വർഷം ജൂലൈ 10ന് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത എൻഐഎ, തീവ്രവാദ ഗൂഢാലോചനകൾ ആസൂത്രണം ചെയ്യുന്നതിലും പഞ്ചാബിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കടത്തുന്നതിലും ഉൾപ്പെട്ട പ്രധാന സൂത്രധാരന്മാരായ ഹർവീന്ദർ സിംഗ് എന്ന റിൻഡ, ലഖ്ബീർ സിംഗ് സന്ധു എന്ന ലാൻഡ എന്നിവരെ തിരിച്ചറിഞ്ഞിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനായി വിവിധ മണി ട്രാൻസ്ഫർ സർവീസ് സ്‌കീമുകളിലൂടെ ഇവർ കൂട്ടാളികൾക്ക് പണം അയച്ചിരുന്നതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഈ മാസം ആദ്യം ലോറൻസ് ബിഷ്‌ണോയിയുടെ ഉടമസ്ഥതയിലുള്ള നാല് വസ്തുവകകൾ എൻഐഎ പിടിച്ചെടുത്തിരുന്നു. ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായുള്ള നാലോളം വസ്തുവകകളാണ് എൻഐഎ അന്ന് കണ്ടുകെട്ടിയത്. 1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിന്റെ വ്യവസ്ഥകൾ പ്രകാരമായിരുന്നു നടപടി.
ഭീകരാക്രമണത്തിനായി ഗൂഢാലോചനകൾ നടത്തിയതിൽ നിന്നും മറ്റ് കുറ്റകൃത്യങ്ങൾ നടപ്പിലാക്കിയതിൽ നിന്നുമുള്ള വരുമാനം കൊണ്ടുള്ള സമ്പാദ്യമാണെന്ന് ഈ സ്വത്തുക്കളെല്ലാമെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. വികാസ് സിംഗിന്റെ ഉടമസ്ഥതയിലുള്ള ഉത്തർപ്രദേശിലെ ലക്‌നൗവിലുള്ള വസ്തു, ദലീപ് ബിഷ്ണോയിയുടെ ഉടമസ്ഥതയിലുള്ള പഞ്ചാബിലെ ഫാസിൽക ഗ്രമത്തിലെ രണ്ട് വസ്തുക്കൾ, ഹരിയാനയിലെ യമുനാനഗർ സ്വദേശി ജോഗീന്ദർ സിംഗിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ഫോർച്യൂണർ കാർ എന്നിവയാണ് കണ്ടുകെട്ടിയത്.
ഗുണ്ടാസംഘം ലോറൻസ് ബിഷ്ണോയിയുടെയും കൂട്ടാളികളുടെയും സംഘടിത ക്രൈം സിൻഡിക്കേറ്റിനെതിരെ യുഎ(പി)എ പ്രകാരം 2022 ഓഗസ്റ്റിൽ എൻഐഎ കേസെടുത്തിരുന്നു. പല സംസ്ഥാനങ്ങളിലും ലോറൻസ് ബിഷ്ണോയി ക്രിമിനൽ ശൃംഖല വ്യാപിപ്പിച്ചതായി ഏജൻസിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post