ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം ഇന്ന് പ്രധാനമന്ത്രിനരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. മഹാരാഷ്ട്ര ഗവർണർ രമേഷ് ബയാസ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, സംസ്ഥാന ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി പാലം ഉദ്ഘാടനം ചെയ്യും. അടൽ ബിഹാരി വാജ്‌പേയ് ട്രാൻസ്ഹാർബർ ലിങ്ക് എന്നാണ് ഈ പാലം ഔദ്യോഗികമായി അറിയപ്പെടുക
ഇന്ന് മഹാരാഷ്ട്ര സന്ദർശിക്കുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 12.15ന് നാഷിക്കിൽ 27-ാം ദേശീയ യുവജനമേള ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30ന് മുംബൈയിൽ അടൽ ബിഹാരി വാജ്പേയി സെവാരി – നവ ഷേവ അടൽസേതു ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി പാലത്തിലൂടെ യാത്രയും ചെയ്യും. വൈകുന്നേരം 4.15നു നവി മുംബൈയിൽ നടക്കുന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും, അവിടെ അദ്ദേഹം വിവിധ വികസന പദ്ധതികൾ ഉദ്ഘാടം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും.
2018 ൽ നിർമാണം ആരംഭിച്ച പാലം പതിനെട്ട് മാസങ്ങൾക്കുള്ളിൽ പൊതുജനങ്ങൾക്ക് തുറന്നു നൽകാനാവുമെന്നായിരുന്നു വിലയിരുത്തൽ എന്നാൽ കോവിഡ് അടച്ചുപൂട്ടലുകളെ തുടർന്നാണ് നിർമാണം വൈകിയത്.
മൂന്ന് പതിറ്റാണ്ടിന്റെ സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. ലോകത്തിലെ ഏറ്റവും വലയി കടൽപ്പാലങ്ങളിൽ 12 ാം സ്ഥാനമാണ് അടൽ സേതു കടൽപ്പാലത്തിന്റേത്. മുംബൈയിലെ ഗതാഗതക്കുരുക്ക് കാരണം 1990കളിൽ ആലോചന തുടങ്ങിയ പദ്ധതി, 2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തറക്കല്ലിട്ടത്.
മുംബൈയിൽ നിന്നും നവി മുംബൈയിലേക്കുള്ള ഗതാഗതം ഇനി കൂടുതൽ എളുപ്പമാകും. 21.8 കിലോമീറ്റർ നീളമുള്ള കടൽപാലം ഒരു വർഷം നൽകുന്നത് 100 കോടിയോളം രൂപയുടെ ഇന്ധനലാഭമാണ്. പ്രതിവർഷം 10 ബില്യൺ ലിറ്റർ ഇന്ധനം ലാഭിക്കാം എന്നാണ് വിലയിരുത്തൽ.മുംബൈയിൽ നിന്നും നവി മുംബൈയിലേക്ക് കേവലം 20 മിനിറ്റ് കൊണ്ട് ആളുകൾക്ക് യാത്ര ചെയ്ത് എത്താൻ സാധിക്കും. നേരത്തെ ഇതിനായി രണ്ടു മണിക്കൂർ ആവശ്യമായിരുന്നു.
മുംബൈയിലെ സെവ്രിയിൽ നിന്ന് ആരംഭിച്ച് റായ്ഗഡ് ജില്ലയിലെ ഉറാൻ താലൂക്കിലെ നവാ ഷെവയിൽ അവസാനിക്കുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം. 16.50 കിലോമീറ്റർ കടലിലും 5.5 കിലോമീറ്റർ കരയിലുമായാണ് ഈ ആറുവരി കടൽപ്പാലം സ്ഥിതിചെയ്യുന്നത്.മുംബൈയിലെ സെവ്രിയിൽ നിന്ന് ആരംഭിക്കുന്ന എംടിഎച്ച്എൽ റായ്ഗഡ് ജില്ലയിലെ ഉറാൻ താലൂക്കിലെ നവാ ഷെവയിൽ എത്തിച്ചേരും. ശിവാജി നഗർ, ജാസി, ചിർലെ എന്നിവിടങ്ങളിൽ ഇന്റർചേഞ്ചുകൾ ഉണ്ടായിരിക്കും.
17,843 കോടി രൂപയാണ് പദ്ധതിച്ചെലവ് പ്രതീക്ഷിച്ചതെങ്കിലും നിർമാണം പൂർത്തിയാക്കിയപ്പോൾ 22000 കോടിയായി ഉയർന്നു.177,903 മെട്രിക് ടൺ സ്റ്റീലും 504,253 മെട്രിക് ടൺ സിമന്റും ഉപയോഗിച്ചാണ് പാലത്തിന്റെ നിർമ്മാണം.ജപ്പാൻ ഇന്റർനാഷനൽ കോർപറേഷന്റെ സഹകരണത്തോടെയാണ് പദ്ധതി പൂർത്തിയാകുന്നത്. മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി (എംഎംആർഡിഎ) ഏഴ് വർഷം കൊണ്ട് നിർമ്മിച്ച പാലം ഒരു നൂറ്റാണ്ട് നീണ്ടുനിൽക്കാൻ കഴിയുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രതിദിനം ഏകദേശം 70,000 വാഹനങ്ങൾ ഈ വഴി കടന്നുപോവുമെന്നാണ് കണക്കുകൂട്ടുന്നത്.ഇരുവശത്തും മൂന്നുവരികളുള്ള പാതയിൽ രണ്ട് എമർജൻസി എക്സിറ്റുകളും ഉണ്ട്. നിർമാണ സാമഗ്രികൾ എത്തിക്കാനായി ഉണ്ടാക്കിയ ചെറു സമാന്തര പാലം നിലനിർത്തും. ദേശാടനക്കിളികളെ നിരീക്ഷിക്കാനുള്ള ഇടമായി ആ പാലത്തെ മാറ്റും.
യാത്രക്കാർ പാലിക്കേണ്ട മാർഗ നിർദ്ദേശങ്ങളും പോലീസ് പുറത്തിറക്കിയിട്ടുണ്ട്.പാലത്തിൽ ഫോർ വീലറുകളുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററായിരിക്കുമെന്ന് പോലീസ് അറിയിച്ചു. മോട്ടോർ ബൈക്കുകൾ, ഓട്ടോറിക്ഷകൾ, ട്രാക്ടർ, മൃഗങ്ങൾ വലിക്കുന്ന വാഹനങ്ങൾ, സാവധാനത്തിൽ ഓടുന്ന വാഹനങ്ങൾ എന്നിവ കടൽപ്പാലത്തിൽ അനുവദിക്കില്ലെന്നും അധികൃതർ അറിച്ചിട്ടുണ്ട്. കാറുകൾ, ടാക്സികൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ, മിനി ബസുകൾ, ടു ആക്സിൽ ബസുകൾ തുടങ്ങിയ വാഹനങ്ങൾക്ക് മണിക്കൂറിൽ 100 കിലോമീറ്റർ വേഗപരിധി ഉണ്ടായിരിക്കും.പാലത്തിന്റെ കയറ്റത്തിലും ഇറക്കത്തിലും വേഗത മണിക്കൂറിൽ 40 കിലോമീറ്ററായി പരിമിതപ്പെടുത്തുമെന്നും നിർദ്ദേശമുണ്ട്.
Discussion about this post