തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് എന്ന കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലത്തിന്റേതാണ് നിർണ്ണായക ഉത്തരവ്.
വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തി. കർണാടക ഡെപ്യൂട്ടി റജിസ്ട്രാർ ഓഫ് കമ്പനീസ് വരുൺ ബിഎസ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടർ കെ.എം. ശങ്കര നാരായണൻ, പോണ്ടിച്ചേരി ആർ.ഒ.സി, എ. ഗോകുൽനാഥ് എന്നിവർക്കാണ് അന്വേഷണ ചുമതല. കേന്ദ്ര കമ്പനി കാര്യ മന്ത്രാലത്തിന്റെ ജോയിന്റ് ഡയറക്ടറാണ് ഉത്തരവിറക്കിയത്. നാല് മാസത്തിനുള്ളിൽ അന്തിമ അന്തിമ റിപ്പോർട്ട് നൽകണം. മാസപ്പടി വിവാദത്തിലെ ആദായ നികുതി ബോർഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.കമ്പനീസ് ആക്ട് 2013 ലെ 210.1.സി സെക്ഷൻ പ്രകാരമാണ് അന്വേഷണം നടത്തുന്നത്.
കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിനെതിരെയും പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോർപറേഷനെതിരെയും അന്വേഷണമുണ്ട്. എക്സാലോജിക് കമ്പനി നിരവധി നിയമ ലംഘനങ്ങൾ നടത്തിയെന്ന് ഉത്തരവിൽ പറയുന്നു
എക്‌സാലോജിക്കും സിഎംആർഎല്ലുമായുള്ള ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രജിസ്ട്രാർ ഓഫ് കമ്പനീസിന് പരാതി ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്റെ പേരിൽ എക്‌സാലോജിക്കിന് സിഎംആർഎൽ 1.72 കോടി രൂപ അനധികൃതമായി നൽകിയെന്ന് നേരത്തെ ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. ചെയ്യാത്ത സേവനത്തിനാണ് എക്‌സാലോജിക്ക് ഈ പണം കൈപ്പറ്റിയതെന്നായിരുന്നു കണ്ടെത്തൽ.
Discussion about this post