ആകാശരഹസ്യങ്ങൾ അറിയാൻ എന്നും മനുഷ്യന് കൗതുകമാണ്. ഭൂമിയോട് അടുത്തുനിൽക്കുന്നത് കൊണ്ട് തന്നെ ചന്ദ്രനിൽ ഒന്ന് പോയാൽ കൊള്ളാമെന്ന് സ്വപ്‌നം കാണുന്നവരും കുറവല്ല. എന്നാൽ ഇതാ ചന്ദ്രനിൽ പോവുകയെന്ന ആഗ്രഹം നീളുമെങ്കിലും നമ്മുടെ പേര് ചന്ദ്രനിൽ എത്തിക്കാൻ അവസരം ഒരുക്കിയിരിക്കുകയാണ് നാസ. നാസയുടെ ആദ്യ റോബോട്ടിക് ലൂണാർ റോവറായ വൈപ്പറിൽ (VIPER) ആണ് ലോകമെമ്പാടുമുള്ള ആളുകൾക്ക് അവരുടെ പേരുകളും അയക്കാൻ അവസരം ലഭിക്കുക. സെൻഡ് യുവർ നെയിം വിത്ത് വെപ്പർ എന്നാണ് കാമ്പെയ്‌നിന്റെ പേര്.
https://www3.nasa.gov/send-your-name-with-viper/ എന്ന ലിങ്ക് സന്ദർശിച്ച് നിങ്ങൾക്ക് ബോർഡിങ് പാസ് എടുക്കാം. നിങ്ങളുടെ പേര് രേഖപ്പെടുത്തിയിട്ടുള്ള ഈ പാസ് ഡൗൺലോഡ് ചെയ്യാനുമാവും. മാർച്ച് 15 വരെയാണ് ഇതിന് സമയം നൽകിയിരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന പേരുകൾ പേടകത്തിൽ അപ് ലോഡ് ചെയ്ത് ചന്ദ്രനിലേക്ക് അയക്കും.
ഏകദേശം 100 ദിവസത്തെ ചാന്ദ്ര പര്യവേഷണമാണ് വൈപ്പറിലൂടെ നാസ ലക്ഷ്യമിടുന്നത്. ഇതുവരെ ഏകദേശം ഒന്നരലക്ഷത്തിലധികം പേർ ഇത്തരത്തിൽ നാസയുടെ വെബ്‌സൈറ്റ് ഉപയോഗിച്ച് ബോർഡിംഗ് പാസ് നിർമിച്ചു കഴിഞ്ഞു.
2024 അവസാനത്തോടെയായിരിക്കും വൈപ്പർ മൂൺ റോവറിനെ വഹിച്ചുകൊണ്ടുള്ള സ്‌പെയ്‌സ് എക്‌സിൻറെ ഫാൽക്കൺ ഹെവി റോക്കറ്റ് ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കുക. ചന്ദ്രൻറെ ഉപരിതലത്തിൽ ഇതുവരെ ആരും സന്ദർശിച്ചിട്ടില്ലാത്ത ഭാഗങ്ങൾ പഠിക്കുകയാണ് വൈപ്പറിൻറെ ലക്ഷ്യം. ഈ യാത്രയുടെ ഭാഗമായി മാറാനാണ് നാസ നിങ്ങളെയും ക്ഷണിക്കുന്നത്ഫ്ളോറിഡയിലെ കേപ്പ് കനവറൽ കേന്ദ്രത്തിൽ നിന്ന് സ്പേസ് എക്സ് ഫാൽക്കൺ ഹെവി റോക്കറ്റിലാവും വിക്ഷേപണം നടക്കുക. ചന്ദ്രനിലെ ജലസാന്നിധ്യവും പരിസ്ഥിതിയും പഠിക്കുകയാണ് പ്രധാന ലക്ഷ്യം.












