വാഷിംഗ്ടൺ: അസാധാരണമായ ഒരു നീക്കത്തിലൂടെ ചരിത്രത്തിലാദ്യമായി “അതിവേഗം വർദ്ധിച്ചു വരുന്ന” ചൈനീസ് ഭീഷണിയെ നേരിടാൻ പ്രതിരോധ വ്യവസായ നയം പുറത്തിറക്കി അമേരിക്ക.
ബീജിംഗ് ഉയർത്തുന്ന വർദ്ധിച്ചു വരുന്ന ഭീഷണി ഫലപ്രദമായി നേരിടാനാണ് യുഎസ് ലക്ഷ്യമിടുന്നതെങ്കിൽ, വിപുലമായ പെന്റഗൺ സംവിധാനം അടിയന്തിരമായി പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത ഒരു മുതിർന്ന യുഎസ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥ ഊന്നി പറയുകയും കൂടി ചെയ്തതോടെ സോവിയറ്റ് യൂണിയനെ നേരിട്ട അമേരിക്കൻ മനോഭാവം തിരിച്ചു വന്നോ എന്ന് സംശയിക്കത്തക്ക അസാധാരണമായ ഒരു നീക്കമാണ് ചൈനക്കെതിരെയുള്ള അമേരിക്കയുടെതായി പുറത്ത് വന്നിരിക്കുന്നത്.
വ്യാവസായിക അടിത്തറ കുറയുന്നതും വിതരണ ശൃംഖലയിലെ നിയന്ത്രണങ്ങളും ഉക്രെയ്‌നിലേക്കുള്ള ആയുധങ്ങളുടെ ഒഴുക്കും അമേരിക്കയെ അപകടത്തിലാക്കിയിരിക്കുകയാണെന്ന് സമ്മതിച്ചുകൊണ്ട് യുഎസ് വ്യാഴാഴ്ച ആദ്യത്തെ ദേശീയ വ്യാവസായിക പ്രതിരോധ തന്ത്രം പുറത്തിറക്കിയിരിക്കുന്ന സാഹചര്യത്തിലാണ്, അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ വ്യാവസായിക അടിസ്ഥാന നയത്തിനു വേണ്ടിയുള്ള യുഎസ് പ്രതിരോധ അസിസ്റ്റന്റ് സെക്രട്ടറി ലോറ ടെയ്‌ലർ-കെയിൽ മേൽ പറഞ്ഞ പ്രസ്താവന നടത്തിയിരിക്കുന്നത്.
പ്രതിരോധത്തിന് വേണ്ടിയുള്ള വ്യാവസായിക നയത്തിന് വേണ്ടിയുള്ള അസിസ്റ്റന്റ് സെക്രട്ടറി എന്ന പദവി തന്നെ പുതുതായി ഉണ്ടാക്കിയ ഒന്നാണെന്ന് മനസിലാക്കുമ്പോഴാണ് ചൈനക്കെതിരെയുള്ള നീക്കത്തിന് അമേരിക്ക കൊടുക്കുന്ന പ്രാധാന്യം മനസിലാകുന്നത്
പെന്റഗൺ, അതിന്റെ ദൈർഘ്യമേറിയ തീരുമാനങ്ങളെടുക്കൽ പ്രക്രിയ കൊണ്ടും, മന്ദഗതിയിലുള്ള ആയുധ നിർമ്മാണ സംവിധാനം കൊണ്ടും , സ്വകാര്യ കമ്പനികൾക്ക് കുറഞ്ഞ വിലയ്ക്ക് ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ആയുധങ്ങളെ അതി രൂപകൽപന ചെയ്ത് സമയം പാഴാക്കുന്നത് കൊണ്ടും ചൈനയുടെ വർദ്ധിച്ചു വരുന്ന ഭീഷണിയെ നേരിടാൻ പര്യാപ്തമായ രീതിയിലല്ല എന്നും ചൈനയെ നേരിടാൻ അമേരിക്ക ആഗ്രഹിക്കുന്നുണ്ടെങ്കിൽ പ്രതിരോധ നയത്തിലും പെന്റഗണിന്റെ മൊത്തത്തിലുള്ള സംവിധാനത്തിലും പരിഷ്കരണം അത്യാവശ്യമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു
ചൈനയുടെ ആയുധ വ്യാവസായിക അടിത്തറയെ കുറിച്ച് വിശകലനം ചെയ്യുമ്പോൾ, അമേരിക്കയുമായുള്ള ഒരു സാധ്യമായ യുദ്ധത്തിന് തയ്യാറെടുത്തു കൊണ്ട് അവർ അവരുടെ യുദ്ധ ഉപകരണങ്ങൾ വളരെ വേഗം വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് ചൈനീസ് ഭീഷണി നേരിടുവാൻ പര്യാപ്തമായ തരത്തിൽ അമേരിക്കയും സജ്ജമാക്കണമെന്ന് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് എന്ന വാഷിംഗ്ടൺ ആസ്ഥാനമായുള്ള ബൗദ്ധിക കേന്ദ്രത്തിന്റെ വക്താവ് സേത്ത് ജോൺസും പറഞ്ഞു.
അതെ സമയം തന്ത്ര പ്രധാനമായ മേഖലകളിൽ അമേരിക്കയുടെ ദുർബലത വർദ്ധിപ്പിക്കുന്ന തരത്തിലുള്ള ചൈനീസ് നിക്ഷേപങ്ങൾക്കെതിരായ സംരക്ഷണം ശക്തിപ്പെടുത്താനും പെന്റഗണിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു
അമേരിക്കയിലെ ചൈനീസ് നയതന്ത്ര പ്രതിനിധി റിപ്പോർട്ടിനെ നിശിതമായി വിമർശിച്ചു കൊണ്ട് രംഗത്ത് വന്നു. അമേരിക്കയുടെ പുതുക്കിയ പ്രതിരോധ നയം ചൈനാ കേന്ദ്രീകൃതം ആയിരിക്കുന്നത്, മാറിയ കാലത്തെ ശീത യുദ്ധ മനോഭാവമാണെന്ന് പറഞ്ഞ ചൈനീസ് വക്താവ് ലിയു പെങ്യു ചൈനയുടെ വികസനത്തെ അടിച്ചമർത്തുകയും അമേരിക്കൻ മേധാവിത്വം നിലനിർത്തുകയും ചെയ്യുക എന്നതാണ് ഈ റിപ്പോർട്ടിന്റെ ഒരേയൊരു ലക്ഷ്യമെന്നും ചൈന ഇതിനെ അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നു എന്നും വ്യക്തമാക്കി
Discussion about this post