മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവുമായി രണ്ട് പേർ പോലീസിന്റെ പിടിയിലായി. വളാഞ്ചേരി സ്വദേശി ആസിഫ് റിയാസ്, കോഴിക്കോട് എലത്തൂർ സ്വദേശി ദിലൂപ് എന്നിവരാണ് അറസ്റ്റിലായത്. വൈകീട്ടോടെയായിരുന്നു സംഭവം.
ആസിഫ് റിയാസ് ആണ് വിദേശത്ത് നിന്നും സ്വർണവുമായി എത്തിയത്. ഇത് കൈപ്പറ്റാൻ വിമാനത്താവളത്തിന് പുറത്ത് ദിലൂപ് മിർസ പണവുമായി എത്തുകയായിരുന്നു. ദിലൂപിനെ കണ്ട് സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് സ്വർണക്കടത്തിന്റെ കാര്യം വ്യക്തമായത്. ഇതിനിടെ സ്വർണവുമായി ആസിഫും എത്തി. ഇതോടെ രണ്ട് പേരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
649 ഗ്രാം സ്വർണമാണ് ആസിഫിൽ നിന്നും പിടിച്ചെടുത്തത്. സ്വർണം മിശ്രിതമാക്കി ക്യാപ്‌സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചായിരുന്നു ഇയാൾ വന്നത്. ആസിഫിന് കൊടുക്കാൻ ദിലൂപ് കൊണ്ടുവന്ന ഒരു ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ വിമാനത്താവളത്തിന് പുറത്ത് പോലീസ് പിടികൂടുന്ന അഞ്ചാമത്തെ സ്വർണക്കടത്ത് കേസ് ആണിത്.
Discussion about this post