തിരുവനന്തപുരം: ലൈസൻസ് എടുക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളിൽ പുതിയ പരിഷ്‌കാരവുമായി ഗതാഗതവകുപ്പ്. ലേണേഴ്‌സ് ചോദ്യങ്ങളുടെ എണ്ണം കൂട്ടുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ അറിയിച്ചു. നിസാരകാര്യങ്ങൾക്കായി ലൈസൻസ് റദ്ദാക്കുന്ന സമ്പ്രദായം അവസാനിപ്പിക്കുന്നുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ലേണേഴ്‌സ് എടുക്കാൻ 20 ചോദ്യങ്ങളാണ് ചോദിക്കാറുള്ളത്. ഇതിൽ 12 ശരിയായാൽ പാസാകും. എന്നാൽ ഇനി മുതൽ ചോദ്യങ്ങളുടെ എണ്ണം 30 ആയി ഉയർത്തും. ഇതിൽ 25 ശരിയായാൽ മാത്രമേ ലേണേഴ്‌സ് പാസാകാൻ കഴിയുകയുള്ളൂ. ഒരു ദിവസം ഒരു ഓഫീസിൽ നിന്നും അനുവദിക്കുന്ന ലൈസൻസിന്റെ എണ്ണം 20 ആക്കുമെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു.
ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന വാഹനത്തിൽ ക്യാമറ വേണം. ടെസ്റ്റിനെത്തുന്നവരോട് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറണം. ഫ്രീക്കൻമാരുടെ ബൈക്ക അഭ്യാസം റോഡിൽ അനുവദിക്കില്ല. നിസാരകാര്യങ്ങൾക്ക് വലിയ വണ്ടികളുടെ ലൈസൻസ് റദ്ദാക്കുന്ന പ്രവണതയുണ്ട്. ഇത് ഇല്ലാതാക്കും.
സംസ്ഥാനത്ത് കൂടുതൽ ബസ് റൂട്ടുകൾ അനുവദിക്കും. ലോറികളിൽ നമ്പർപ്ലേറ്റ് മറച്ചുവയ്ക്കുന്ന പ്രവണതയുണ്ട്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. കെഎസ്ആർടിസി ജീവനക്കാരോട് ചിലത് പറയാനുണ്ട്. അത് കത്തായി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post