കോഴിക്കോട്: എംടിക്ക് പിന്നാലെ കമ്യൂണിസ്റ്റ് സർക്കാരിനെ പരോക്ഷമായി ലക്ഷ്യമിട്ടുളള രാഷ്ട്രീയ വിമര്‍ശനവുമായി എം മുകുന്ദനും രംഗത്ത്. സിംഹാസനത്തിലിരിക്കുന്നവർ അധികാരത്തിന്റെ രുചിയറിഞ്ഞവരാണ്. അവർ അവിടെ നിന്നും എഴുന്നേൽക്കാൻ തയ്യാറാവില്ല. അവരോട് പറയാനുള്ളത് സിംഹാസനം ഒഴിയൂ എന്നാണ്. ജനം പിന്നാലെയുണ്ട്. നാം ജീവിക്കുന്നത് കിരീടങ്ങൾ വാഴുന്ന കാലത്താണെന്നും കെ എൽ എഫ് വേദിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരിന് ചില കാര്യങ്ങളിൽ ഇടർച്ച പറ്റിയിട്ടുണ്ട്. അത്തരം ഇടർച്ച ചൂണ്ടിക്കാട്ടാനാണ് സാഹിത്യകാരന്മാർ ഇവിടെയിരിക്കുന്നത്. മനുഷ്യരക്തത്തിന്റെ വില നാം തിരിച്ചറിയണം. നിർഭാഗ്യവശാൽ കിരീടമാണ് ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു വരുന്നത്. ചോരയുടെ പ്രാധാന്യം ഇപ്പോൾ കുറഞ്ഞു വരികയാണ്. ഇതേക്കുറിച്ച് നമുക്ക് അവബോധം ഉണ്ടായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനാധിപത്യ സംവിധാനത്തിൽ വിമർശനം ആവശ്യമാണ്. എന്നാൽ, പലർക്കും സഹിഷ്ണുതയില്ല. വിമർശിക്കാൻ എഴുത്തുകാർ പോലും മടിക്കുകയാണ്. വിമർശനത്തെ സഹിഷ്ണുതയോട് കൂടി പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഉദ്ഘാടന പരിപാടിയിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ എതിരെയുളള എം ടി വാസുദേവൻ നായരുടെ രാഷ്ട്രീയ വിമർശനം. അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറിയെന്നുമായിരുന്നു അദ്ദേഹം വേദിയിൽ പറഞ്ഞത്. തെറ്റ് പറ്റിയാല്‍ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്നും അദ്ദേഹം വിമർശിച്ചിരുന്നു. നേതൃപൂജകളിൽ ഇഎംഎസ്സ് വിശ്വസിച്ചില്ലെന്നും ഇഎംഎസാണ് യഥാർത്ഥ കമ്യൂണിസ്റ്റെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യം അല്ല സ്വാതന്ത്ര്യം എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു എം ടിയുടെ വിമർശനം. എം ടിയെ പിന്തുണച്ചുകൊണ്ട് പ്രതിപക്ഷ നേതാക്കളും നിരവധി സാമൂഹിക സാംസ്കാരിക മേഖലകളിലുളളവരും രംഗത്തെത്തിയിരുന്നു.







