ഇസ്ലാമാബാദ്/റിയാദ്: പശ്ചിമേഷ്യയിലെ സൈനിക രാഷ്ട്രീയ ഭൂപടം ആകെ മാറ്റിമറിക്കാൻ പോകുന്ന ത്രിരാഷ്ട്ര പ്രതിരോധ കരാറിൽ ഒപ്പുവെക്കാൻ പാകിസ്താനും സൗദി അറേബ്യയും തുർക്കിയും തയാറെടുക്കുന്നു. ‘ഇസ്ലാമിക് നാറ്റോ’ (Islamic NATO) എന്നപേരിൽ അറിയപ്പെടുന്ന ഏകീകൃത സുരക്ഷാ സഖ്യത്തിനാണ് ഇതോടെ തുടക്കമാകുന്നത്. കരാറിന്റെ എല്ലാ അടിസ്ഥാന വ്യവസ്ഥകളും മൂന്ന് രാജ്യങ്ങളിലെയും ഉന്നത നേതാക്കൾ ചർച്ച ചെയ്ത് അന്തിമരൂപം നൽകിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കരാറിൽ ഔദ്യോഗികമായി ഒപ്പുവെക്കുന്നതിനായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും വ്യാഴാഴ്ച തന്നെ സൗദി അറേബ്യയിലെത്തിയിട്ടുണ്ട്. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും കരാറൊപ്പിടാൻ വ്യാഴാഴ്ചയോടെ റിയാദിലെത്തും. കഴിഞ്ഞ വർഷം പാകിസ്താനും സൗദി അറേബ്യയും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെ മേഖലയിലെ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി ഒരു സൈനിക ബ്ലോക്ക് രൂപീകരിക്കാൻ നീക്കം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ തുർക്കിയെക്കൂടി ഉൾപ്പെടുത്തി നിർണായക തീരുമാനത്തിലേക്ക് കടന്നിരിക്കുന്നത്.
ആണവശക്തിയായ പാകിസ്താനും വൻ സാമ്പത്തിക സ്രോതസ്സുള്ള സൗദിയും ശക്തമായ സൈനിക നിരയുള്ള തുർക്കിയും ഒന്നിക്കുന്നത് മേഖലയിലെ പ്രതിരോധ അസന്തുലിതാവസ്ഥകൾക്ക് മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. സൈനിക പരിശീലനങ്ങൾ, ആധുനിക ആയുധ കൈമാറ്റം, സംയുക്ത സുരക്ഷാ നീക്കങ്ങൾ എന്നിവയാണ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യം










