കോഴിക്കോട് : കോഴിക്കോട് കനോലി കനാലിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 45 വയസ്സോളം പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയിട്ടുള്ളത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയെന്ന് വിവരം അറിയിച്ചതിനെത്തുടർന്ന് നടക്കാവ് പോലീസും മെഡിക്കൽ കോളേജ് പോലീസും സ്ഥലത്തെത്തി. വെള്ളത്തിൽ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സ് സംഘവും കൂടി സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
കണ്ടെത്തിയ മൃതദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം നടന്നിട്ടുള്ളത്. ഈ പ്രദേശത്തു നിന്നോ സമീപ ഭാഗങ്ങളിൽനിന്നോ ഏതെങ്കിലും സ്ത്രീകളെ കാണാതായതായി പരാതി ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. മരണത്തെക്കുറിച്ച് പോസ്റ്റ്മോർട്ടതിനു ശേഷം മാത്രമായിരിക്കും കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ. സംഭവത്തെക്കുറിച്ച് കൂടുതൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
Discussion about this post