ന്യൂഡൽഹി : രാജ്യത്തെ ഓരോ സംസ്ഥാനങ്ങളിലെയും ജനങ്ങൾ വൈവിധ്യമാർന്ന രീതിയിൽ സംക്രാന്തി ഉത്സവങ്ങൾ ആഘോഷിക്കുകയാണ്. എല്ലാ ഭാരതീയർക്കും ലോഹ്രി, മകരസംക്രാന്തി, പൊങ്കൽ, ബിഹു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാമങ്ങളും കർഷകരും ആണ് ഭാരതത്തിലെ ഓരോ ഉത്സവത്തിന്റെയും കേന്ദ്രബിന്ദു എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
“ദക്ഷിണേന്ത്യയിൽ പൊങ്കൽ ഉത്സവകാലത്ത് പുത്തൻ വിളവ് ദൈവത്തിന്റെ പാദങ്ങളിൽ സമർപ്പിക്കുന്ന ഒരു പാരമ്പര്യമുണ്ട്. നമ്മുടെ ഭക്ഷണ ദാതാക്കളായ കർഷകർ ആണ് ഓരോ ഉത്സവത്തിന്റെയും കേന്ദ്രം. ഭാരതത്തിലെ എല്ലാ ഉത്സവങ്ങളും ഗ്രാമങ്ങളോടും കൃഷികളോടും വിളകളോടും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ബന്ധപ്പെട്ടിരിക്കുന്നവയാണ്. എല്ലാവരുടെയും ജീവിതത്തിൽ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒഴുക്ക് തുടരട്ടെ” എന്നും പ്രധാനമന്ത്രി ആശംസിച്ചു.
ഞായറാഴ്ച ഡൽഹിയിൽ കേന്ദ്ര സഹ മന്ത്രി എൽ മുരുകന്റെ വസതിയിൽ നടന്ന പൊങ്കൽ ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. നല്ല വിളകളും വിദ്യാസമ്പന്നരും സത്യസന്ധരായ വ്യവസായികളും ചേർന്നാൽ മാത്രമേ ഒരു മികച്ച രാജ്യം കെട്ടിപ്പടുക്കുവാൻ ആവുകയുള്ളൂ എന്ന് വിശുദ്ധ തിരുവള്ളവർ പറഞ്ഞിട്ടുള്ളതായി മോദി പൊങ്കൽ ആഘോഷ ചടങ്ങിൽ അനുസ്മരിച്ചു. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, തെലങ്കാന ഗവർണർ തമിഴിസൈ സുന്ദരരാജൻ എന്നിവരും എൽ മുരുകന്റെ വസതിയിലെ പൊങ്കൽ ആഘോഷങ്ങളിൽ പ്രധാനമന്ത്രിയോടൊപ്പം പങ്കെടുത്തു.
Discussion about this post