അയോദ്ധ്യ: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി, ലക്നൗവിൽ നിന്നും അയോദ്ധ്യയിലേക്കുള്ള ഹെലികോപ്ടർ സർവീസ് ഈ മാസം 19 മുതൽ അയോദ്ധ്യയിലെ രാമഭായി മൈതാനത്ത് തുടങ്ങും. ആറ് ഹെലികോപ്ടറുകളാണ് സർവ്വീസ് നടത്തുക.
ഓരോ ഹെലികോപ്ടറുകളിലും എട്ട് മുതൽ പതിനെട്ട് യാത്രക്കാരെ വരെ ഉൾക്കൊള്ളാനാകും. ഹെലികോപ്ടർ യാത്രക്കായി തീർത്ഥാടകർ പ്രീ ബുക്ക് ചെയ്യണം. ബുക്കിംഗ് ഷെഡ്യൂളിനെ കുറിച്ചും യാതാക്കൂലിയെ സംബന്ധിച്ചും നാളെ വൈകുന്നേരത്തോടെ അന്തിമതീരുമാനമാകും.
അതേസമയം, അയോദ്ധ്യ വിമാനത്താവളം ഡയറക്ടർ വിനോദ് കുമാർ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത്ത് റായിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അയോദ്ധ്യയിൽ ജനുവരി 22ന് 100 വിമാനങ്ങളുടെ ലാൻഡിംഗ് സംബന്ധിച്ച് അന്തിമ തീരുമാനമായതായും ബാക്കി കാര്യങ്ങൾ ദിവസങ്ങൾക്കകം തന്നെ അന്തിമ തീരുമാനത്തിലേക്ക് എത്തുമെന്നും അദ്ദേഹം അറിയിച്ചു. അയോദ്ധ്യ വിമവനത്താവളത്തിൽ പാർക്കിംഗ് സൗകര്യങ്ങൾ ഇല്ലാത്തതിനാൽ മറ്റ് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എംപിമാരും അംബാസിഡർമാരും ഉൾപ്പെടെ അൻപത്തിയഞ്ചോളം രാജ്യങ്ങളിൽ നിന്നുള്ള നൂറോളം നേതാക്കളെയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനായി ക്ഷണിച്ചിട്ടുള്ളത്. കൊറിയൻ രാഞ്ജിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളതായി വേൾഡ് ഹിന്ദു ഫൗണ്ടേഷന്റെ സ്ഥാപകനും ചെയർമാനുമായ സ്വാമി വിജ്ഞാനാനന്ദ അറിയിച്ചു. വരുന്ന 20ന് ലക്നൗവിലെത്തുന്ന വിവിധ രാജ്യത്തിന്റെ പ്രതിനിധികൾ 21ന് വൈകുന്നേരത്തോടെ അയോദ്ധ്യയിലെത്തും.
വരുന്ന 16ന് പ്രതിഷ്ഠക്ക് മുന്നോടിയായ പ്രധാന ചടങ്ങുകൾ ആരംഭിക്കും. പ്രതിഷ്ഠാ ദിവസം 1008 ഹുണ്ടി മഹായാഗവും നടക്കും. 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാക്ഷിയാകും. പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രതിനൊന്ന് ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾ ആരംഭിച്ചതായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Discussion about this post