റെയ്ക്ജാവിക് : ഐസ്‌ലാൻഡിൽ വൻ അഗ്നിപർവ്വത സ്ഫോടനം. ഏതാനും ചെറിയ ഭൂകമ്പങ്ങൾ ഉണ്ടായതിനുശേഷം ആണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയിൽ ഏതാണ്ട് 100 മീറ്റർ വലിപ്പമുള്ള വിള്ളൽ ആണ് അഗ്നിപർവതത്തിൽ ഉണ്ടായത്. തുടർന്ന് പുറത്തേക്ക് ഒഴുകിയ ലാവാ സമീപപ്രദേശത്തെ ഒരു മത്സ്യബന്ധന ഗ്രാമത്തിലേക്ക് ഒഴുകിയെത്തുകയും നിരവധി വീടുകൾക്ക് തീ പിടിക്കുകയും ചെയ്തു.
അഗ്നിപർവത സ്ഫോടനങ്ങൾക്ക് മുൻപായി ഭൂകമ്പങ്ങൾ ഉണ്ടാകുന്നത് പതിവായതിനാൽ ആദ്യ ഭൂകമ്പം ഉണ്ടായ സമയത്ത് തന്നെ പ്രദേശത്തെ നാലായിരത്തോളം വരുന്ന ജനങ്ങളെ ഇവിടെ നിന്നും ഒഴിപ്പിച്ചിരുന്നു. അതിനാൽ തന്നെ അഗ്നിപർവത സ്ഫോടനത്തിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തെക്കുപടിഞ്ഞാറൻ ഐസ്‌ലൻഡിൽ ഒരു മാസത്തിനുള്ളിൽ രണ്ടാം തവണയാണ് അഗ്നിപർവത സ്ഫോടനം ഉണ്ടാകുന്നത്.
ഗ്രിൻഡാവിക് പട്ടണത്തിന് സമീപമുള്ള അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. അഗ്നിപർവതത്തിൽ നിന്നും മത്സ്യബന്ധന നഗരമായ ഗ്രീൻഡാവികിലേക്ക് ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തിൽ ലാവ ഒഴുകിയെത്തി. കഴിഞ്ഞ നവംബറിലും ഇവിടെ അഗ്നിപർവത സ്ഫോടനം ഉണ്ടായതിനെ തുടർന്ന് ആറാഴ്ചയോളം ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. നവംബറിൽ ഉണ്ടായ അഗ്നിപർവ്വത സ്ഫോടനത്തിന് ശേഷം ഐസ്‌ലാൻഡിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബ്ലൂ ലഗൂൺ ജിയോതെർമൽ സ്പാ പോലും അടച്ചു പൂട്ടേണ്ടതായി വന്നിരുന്നു.
Discussion about this post