ലണ്ടൻ : ഇന്ത്യ അടക്കമുള്ള വിവിധ ഏഷ്യൻ രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന്ന നിപ വൈറസിനെതിരെ വാക്സിൻ പരീക്ഷണവുമായി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ. മനുഷ്യരിൽ ആദ്യമായാണ് നിപ വാക്സിൻ പരീക്ഷണം ആരംഭിക്കുന്നത്. പതിനെട്ടിനും അമ്പത്തഞ്ചിനും ഇടയിൽ പ്രായമുള്ള 51 പേർ അടങ്ങുന്ന ഒരു സംഘത്തിലാണ് വാക്സിൻ പരീക്ഷണം നടത്തുന്നത്.
സിംഗപ്പൂർ, മലേഷ്യ, ബംഗ്ലാദേശ്, ഇന്ത്യ എന്നിവിടങ്ങളിലാണ് നിപ വൈറസ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പഴംതീനി വവ്വാലുകൾ ആണ് നിപ വൈറസ് പടർത്തുന്നത്. ഈ വവ്വാലുകളിൽ നിന്നും നേരിട്ടോ രോഗവാഹകരായ മൃഗങ്ങളോ മനുഷ്യരോ തമ്മിലുള്ള സമ്പർക്കങ്ങൾ വഴിയോ വൈറസ് പകരാവുന്നതാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിൽ പതിവായി നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
75% കേസുകളിലും മാരകമായി മാറിയേക്കാവുന്ന വൈറസാണ് നിപ. മറ്റു വൈറസ് ബാധകളെ അപേക്ഷിച്ച് മരണനിരക്കും വളരെ കൂടുതലാണ്. അടിയന്തിര ഗവേഷണം ആവശ്യമുള്ള മുൻഗണനാരോഗമായി ആണ് ലോകാരോഗ്യ സംഘടന നിപ വൈറസിനെ കണക്കാക്കുന്നത്. 25 വർഷങ്ങൾക്കു മുമ്പ് മലേഷ്യയിലാണ് ആദ്യമായി നിപ വൈറസ് ബാധ കണ്ടെത്തിയിരുന്നത്. എന്നാൽ ഇത്രയേറെ വർഷങ്ങൾ കഴിഞ്ഞിട്ടും ഫലപ്രദമായ ഒരു വാക്സിൻ ഈ വൈറസിനെതിരായി കണ്ടെത്തിയിട്ടില്ല.
Discussion about this post