എറണാകുളം : കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും നിയമവിരുദ്ധമായി വായ്പ അനുവദിക്കാൻ സിപിഎം നേതാവും വ്യവസായ മന്ത്രിയുമായ പി രാജീവ് സമ്മർദ്ദം ചെലുത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇഡി പി രാജീവിനെതിരായ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
നിയമവിരുദ്ധമായി വായ്പ അനുവദിക്കാൻ പി രാജീവ് സമ്മർദ്ദം ചെലുത്തിയതായി കരുവന്നൂർ ബാങ്കിന്റെ മുൻ സെക്രട്ടറി സുനിൽകുമാർ ആണ് മൊഴി നൽകിയിരിക്കുന്നത്. പി രാജീവ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് കരുവന്നൂർ സഹകരണ ബാങ്കിൽ ഇത്തരം ഇടപെടലുകൾ നടത്തിയിരുന്നത് എന്നും ഇ ഡി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
പി രാജീവിനെ കൂടാതെ സിപിഎം നേതാക്കളായ എ സി മൊയ്തീൻ, പാലോളി മുഹമ്മദ് കുട്ടി എന്നിവർക്കെതിരെയും ഇഡി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പരാമർശങ്ങളുണ്ട്. സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റികളുടെയും ഏരിയ കമ്മിറ്റികളുടെയും പേരിൽ നിരവധി രഹസ്യ അക്കൗണ്ടുകൾ കരുവന്നൂർ സഹകരണ ബാങ്കിൽ ഉണ്ടായിരുന്നതായി ഇ ഡി കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായ ലഭിച്ചിരുന്ന പണം ഈ അക്കൗണ്ടുകളിൽ ആയിരുന്നു സൂക്ഷിച്ചിരുന്നത്. ഭൂമി വാങ്ങുന്നതിനും പാർട്ടി ഓഫീസുകളുടെ നിർമാണത്തിനും തിരഞ്ഞെടുപ്പ് ചെലവുകൾക്കും ഈ പണം പാർട്ടി ഉപയോഗിച്ചിരുന്നതായും ഇഡി വ്യക്തമാക്കി.
Discussion about this post