മുംബൈ: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവി പുനർനിർമിക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുകയാണ് അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ധാരാവി ഡെവലപ്പ്‌മെന്റ് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡാണ് ധാരാവി പുനർനിർമിക്കാൻ പദ്ധതിയിടുന്നത്. പുനരധിവാസത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ഫ്‌ളാറ്റുകൾ കൂടുതൽ സൗകര്യമുള്ളതായിരിക്കും. 350 ചതുരശ്ര അടിയിൽ അടുക്കളയും ശുചിമുറിയോടും കൂടിയാണ് ഫ്‌ളാറ്റ് നിർമ്മിച്ച് നൽകുക. ആഗോള തലത്തിലെ നഗര വികസന വിദഗ്ദ്ധർ, ബിൽഡർമാർ, ഡിസൈൻ സ്ഥാപനങ്ങൾ എന്നിവരുമായി ചേർന്ന് മുംബയുടെ ഹൃദയ ഭാഗത്ത് 600 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ചേരിയക്ക് പുതിയ മുഖം നൽകാനാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.
മഹാരാഷ്ട്ര സർക്കാരുമായി സഹകരിച്ച് ധാരാവി ചേരികൾ വികസിപ്പിക്കുന്ന അദാനി ഗ്രൂപ്പ്, ഫ്‌ലാറ്റുകൾക്ക് 17 ശതമാനം കൂടുതൽ സ്ഥലമുണ്ടാകുമെന്നും മുംബൈയിലെ ചേരി പുനർവികസന പദ്ധതികളിൽ അധിക സ്ഥലം നൽകുമെന്നും അറിയിച്ചു. പുതിയ ഫ്‌ലാറ്റുകൾ എല്ലാ ധാരാവി നിവാസികളുടെയും സ്വപ്ന ഭവനങ്ങളായിരിക്കും, അവരുടെ ജീവിതനിലവാരം ഉയർത്തുകയും ചെയ്യും. ഓരോ വീടും ധാരാവികളുടെ ആത്മാവിനെ പ്രതിഫലിപ്പിക്കും, അവരുടെ അഭിലാഷങ്ങൾ എല്ലായ്‌പ്പോഴും സാധാരണ മുംബൈക്കാരുടെ പോലെയായിരിക്കും. അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറവേറ്റാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഡിആർപിപിഎൽ വക്താവ് അറിയിച്ചു.
2022 നവംബറിലാണ് ഗൗതം അദാനിയുടെ അദാനി പ്രോപ്പർട്ടീസിന് ധാരാവി പുനർനിർമ്മിക്കാനുള്ള കരാർ ലേലത്തിലൂടെ ലഭിച്ചത്. ധാരാവി ഡെവലപ്പ്‌മെന്റ് പ്രോജക്ടിൽ അദാനി ഗ്രൂപ്പിന് 80 ശതമാനവും മഹാരാഷ്ട്ര സർക്കാരിന് 20 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. ധാരാവി പുനർനിർമ്മിക്കുന്നതിന് അദാനി ഗ്രൂപ്പ് 5,069 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post