പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനം രാജ്യാന്തര ശ്രദ്ധയിലേക്ക് തന്നെ എത്തുകയാണ്. പ്രധാനമന്ത്രിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്ന സുസ്വാഗതം മോദി ഹാഷ്ടാകുകൾ ട്വിറ്ററിൽ ഇപ്പോൾ ട്രെൻഡിങ് ആയിരിക്കുകയാണ്. ആന്ധ്രപ്രദേശ് സന്ദർശനത്തിനു ശേഷമാണ് പ്രധാനമന്ത്രി കേരളത്തിലേക്ക് എത്തുന്നത്. രാത്രി കൊച്ചിയിൽ പ്രധാന മന്ത്രിയുടെ റോഡ് ഷോ ഉണ്ടായിരിക്കും. നാളെ പ്രധാനമന്ത്രി തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും ഗുരുവായൂർ ക്ഷേത്രത്തിലും ദർശനം നടത്തുകയും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്യുന്നതാണ്.
നരേന്ദ്ര മോദിയുടെ കഴിഞ്ഞ തൃശ്ശൂർ സന്ദർശനവും റാലിയും വനിതാസമ്മേളനവും വലിയ ചലനമാണ് കേരളത്തിലാകമാനം ഉണ്ടാക്കിയത്. അന്ന് അതിനോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും മോദി തരംഗം ആഞ്ഞടിച്ചിരുന്നു. #SthreeShaktiWithModi എന്ന ഹാഷ്ടാഗ് മിനിട്ടുകൾക്കകമാണ് ട്വിറ്ററിൽ ട്രെൻഡിംഗ് റെക്കോർഡുകൾ തകർത്തത്. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾക്കപ്പുറം നരേന്ദ്ര മോദി ജനങ്ങൾക്കിടയിൽ ഒരു ആരാധ്യപുരുഷനാണ് എന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തമായിരുന്നു അത്.
ഇന്നിതാ വീണ്ടും മോദി തരംഗം ട്വിറ്ററിനെ ഇളക്കിമറിച്ചിരിക്കുകയാണ്. #SuswagathamModi എന്നതാണ് ഇത്തവണ ട്രെൻഡിംഗ് ആയിരിക്കുന്ന ഹാഷ്ടാഗ്. ഇതുവരെ പതിമൂവായിരത്തോളം പോസ്റ്റുകളാണ് ഈ ഹാഷ്ടാഗിൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോദിയുടെ രണ്ടാംവരവ് കേരളത്തിലും സോഷ്യൽ മീഡിയയിലും ഒരുപോലെ ആഘോഷമാകുമ്പോൾ ഇടതിനേയും വലതിനേയും ഉപേക്ഷിച്ച് കേരളം ബിജെപിയോടൊപ്പം അണിചേരുമോ എന്ന ആശങ്കയിലാണ് പ്രതിപക്ഷപാർട്ടികൾ.
Discussion about this post