മുംബൈ: രൺബീർ കപൂർ നായകനായ പുതിയ ചിത്രം അനിമലിന്റെ ഒടിടി റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി. സിനിമയുടെ സഹ നിർമ്മാതാക്കളായ സിനി1 സ്റ്റുഡിയോസ് ആണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയത്. ലാഭ വിവിഹിതം ഭാഗിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട കരാർ മ്യൂസിക് കമ്പനിയായ ടി സീരീസ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
സിനി 1 സ്റ്റുഡിയോസ്, നിർമ്മാതാവ് മുറാദ് ഖേട്ടാനി, ടി സീരീസ് എന്നിവർ തമ്മിലാണ് ലാഭം പങ്കിടുന്നതിനുള്ള കരാർ ഉള്ളത്. എന്നാൽ ടി സീരിസ് ഇത് ലംഘിച്ചു. സിനിമയിൽ നിന്നുള്ള ലാഭം ടി സീരീസ് ശേഖരിക്കുന്നുണ്ട്. എന്നാൽ ഇതിൽ നിന്നും ഒന്നും തങ്ങൾക്ക് നൽകിയിട്ടില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.
അതേസമയം സിനി1 സ്റ്റുഡിയോസിന്റെ വാദം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി ടി സീരിസ് രംഗത്ത് എത്തി. നിലവിലെ ഹർജി നിലനിൽക്കില്ല. നിലവിലെ കരാർ പ്രകാരം ലാഭവിഹിതം സിനി 1 സ്റ്റുഡിയോസുമായി പങ്കുവയ്‌ക്കേണ്ട ആവശ്യമില്ല. കഴിഞ്ഞ നാല് വർഷമായി കമ്പനി കൃത്യ സമയത്ത് വരുമാനം, ചിലവ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവയ്ക്കുന്നില്ലെന്നും ടി സീരിസ് വ്യക്തമാക്കി.








