ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ (UNSC) സമഗ്രമായ പരിഷ്കരണങ്ങൾ നടപ്പിലാക്കണമെന്നും പുതിയ സ്ഥിരം അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ രാജ്യങ്ങൾക്കും വീറ്റോ അധികാരം നൽകണമെന്നും ശക്തമായി ആവശ്യപ്പെട്ട് ഭാരതം. രക്ഷാസമിതി വിപുലീകരിക്കുമ്പോൾ പുതിയ സ്ഥിരം അംഗങ്ങൾക്ക് വീറ്റോ അധികാരം നൽകാതിരുന്നാൽ അത് അവരെ ‘രണ്ടാംതരം’ അംഗങ്ങളാക്കുന്നതിന് തുല്യമാകുമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവ്വതനേനി ഹരീഷ് തുറന്നടിച്ചു. രക്ഷാസമിതിയിലെ അംഗത്വ വിഭാഗങ്ങൾ, പ്രാദേശിക പ്രാതിനിധ്യം, സമിതിയുടെ വലുപ്പം, പ്രവർത്തന രീതികൾ, വീറ്റോ അധികാരം എന്നീ അഞ്ച് പ്രധാന മേഖലകളിലും ഒരേസമയം പുരോഗതിയും പരിഷ്കരണവും ഉണ്ടാകണമെന്ന് ന്യൂയോർക്കിൽ നടന്ന യു എൻ പൊതുസഭാ യോഗത്തിൽ ഇന്ത്യ അടിയന്തിരമായി ആവശ്യപ്പെട്ടു.
നിലവിൽ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ചൈന എന്നീ അഞ്ച് സ്ഥിരം അംഗരാജ്യങ്ങൾക്ക് (P5) മാത്രമാണ് രക്ഷാസമിതിയിൽ വീറ്റോ അധികാരമുള്ളത്. ഈ പ്രത്യേക അധികാരം വലിയ ഉത്തരവാദിത്തമുള്ള ഒന്നാണെന്നും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്ന കാര്യങ്ങളിൽ ഇത് വളരെ നിയന്ത്രണത്തോടെയും ഉത്തരവാദിത്തത്തോടെയും മാത്രമേ ഉപയോഗിക്കാവൂ എന്നും ഇന്ത്യ വ്യക്തമാക്കി. വീറ്റോ അധികാരത്തെ സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കും തന്ത്രപരമായ അജണ്ടകൾ നടപ്പിലാക്കാനുമുള്ള ആയുധമായി മാറ്റരുതെന്ന് വിദേശകാര്യ പ്രതിനിധി പർവ്വതനേനി ഹരീഷ് അംഗരാജ്യങ്ങളെ ഓർമ്മിപ്പിച്ചു.
യു.എൻ ചരിത്രത്തിൽ ഇതുവരെ ഏകദേശം 200 പ്രമേയങ്ങളിലായി 331 തവണ വീറ്റോ അധികാരം പ്രയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ പ്രതിനിധി യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇതിൽ അഞ്ച് സ്ഥിരം അംഗങ്ങളിൽ രണ്ട് രാജ്യങ്ങൾ കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി വീറ്റോ ഉപയോഗിച്ചിട്ടില്ലെന്നും, മിക്ക വീറ്റോ പ്രയോഗങ്ങളും ഭീഷണികളും മൂന്ന് രാജ്യങ്ങളിൽ നിന്ന് മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. വീറ്റോ പ്രയോഗിക്കുമ്പോഴെല്ലാം യു.എൻ പൊതുസഭയിൽ ചർച്ച നടത്താൻ വ്യവസ്ഥ ചെയ്ത 2022-ലെ വീറ്റോ ഇനിഷ്യേറ്റീവ് ഒരു നല്ല മാറ്റത്തിന്റെ സൂചനയായിരുന്നെങ്കിലും, അതിനുശേഷവും വീറ്റോയുടെ ദുരുപയോഗത്തിൽ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ലെന്ന് ഇന്ത്യ വിമർശിച്ചു.
ആഗോളതലത്തിൽ വളർന്നുവരുന്ന ഭാരതത്തിന്റെ സാമ്പത്തിക-സൈനിക ശക്തിയും ആഗോള ദക്ഷിണ മേഖലയിലെ (Global South) രാജ്യങ്ങളുടെ ശക്തമായ പ്രാതിനിധ്യവും കണക്കിലെടുത്ത് ഇന്ത്യയ്ക്ക് രക്ഷാസമിതിയിൽ സ്ഥിരം അംഗത്വം നൽകണമെന്ന് ഭൂരിഭാഗം രാജ്യങ്ങളും ആവശ്യപ്പെടുന്നുണ്ട്. ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ, ഏഷ്യൻ രാജ്യങ്ങൾക്ക് നീതിയുക്തമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും, നിലവിലെ ആഗോള യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട് യു എൻ രക്ഷാസമിതി പുനഃസംഘടിപ്പിച്ചില്ലെങ്കിൽ ഏജൻസിയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുമെന്നും ഇന്ത്യ ആവർത്തിച്ചു.










