തമിഴ്നാട്ടിലെ തേനി തെക്കംപെട്ടിയിലുള്ള ജില്ലാ ജയിലിൽനിന്ന് വിചാരണ തടവുകാരായ 17 പേർ ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച് കൂട്ടത്തോടെ തടവുചാടിയ സംഭവം വൻ ഭീതി പടർത്തുന്നു. തടവുകാരിൽ ഒരാൾ അപസ്മാരം അഭിനയിച്ച് വീഴുകയും, ഇത് കണ്ട് സെൽ തുറന്ന ജീവനക്കാരെ ക്രൂരമായി ആക്രമിച്ച് ഓടി രക്ഷപ്പെടുകയുമായിരുന്നു. തടവുചാടിയ പ്രതികൾ അതിർത്തി കടന്ന് ഇടുക്കി വഴി കേരളത്തിലേക്ക് പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ കേരള-തമിഴ്നാട് അതിർത്തിയിൽ പൊലീസ് പരിശോധന അതീവ കർശനമാക്കി.
തടവുകാരുടെ പെട്ടെന്നുള്ള അക്രമത്തിൽ മൂന്ന് ജയിൽ ജീവനക്കാർക്ക് ഗുരുതരമായി പരുക്കേറ്റു. തലയ്ക്ക് ആഴത്തിൽ പരുക്കേറ്റ പൊലീസ് കോൺസ്റ്റബിൾ ജി. തങ്കപാണ്ഡിയെ തമിഴ്നാട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് ജീവനക്കാരുടെ പരുക്ക് ഗുരുതരമല്ല. തടവുചാടിയ 17 പേരിൽ തേനി സ്വദേശികളായ പ്രവീൺ കുമാർ, സിലമ്പരസൻ, മധുര സ്വദേശികളായ രാജാ സികന്ദർ, രാജ്കുമാർ എന്നിവരെ തമിഴ്നാട് പൊലീസ് ഇതിനകം പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ള 13 പേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.
രക്ഷപ്പെട്ട തടവുകാരെ കണ്ടെത്താൻ 17 പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചതായി ഐജി വിജയേന്ദ്ര ബിദാരി അറിയിച്ചു. പ്രതികളെ പിടികൂടാനായി ഡിണ്ടിഗൽ, തേനി ജില്ലകളിലുടനീളം 16 ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് പൊലീസും തമിഴ്നാട് കമാൻഡോ പടയും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. രക്ഷപ്പെട്ടവരുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും കേരള പൊലീസിനും കൈമാറി. അതിർത്തി കവലകളിലും വനമേഖലയോട് ചേർന്ന വഴികളിലും കേരള പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ ജയിലിലുണ്ടായ വൻ സുരക്ഷാ വീഴ്ചയെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












